അക്ഷയ് കുമാർ നായകനായി പുറത്തിറങ്ങിയ ‘സാമ്രാട്ട് പൃഥ്വിരാജ്’ ബോക്സോഫീസിൽ തകർന്നടിയുന്നു. നാലാം ദിനത്തിൽ 4.85 കോടി രൂപയ്ക്കും 5.15 കോടി രൂപയ്ക്കും ഇടയിൽ മാത്രമാണ് ചിത്രം കളക്റ്റ് ചെയ്തത്. ഏകദേശം 300 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച ചിത്രം ഇതുവരെ ആകെ നേടിയത് വെറും 45 കോടി രൂപയാണ്. ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾക്ക് ലഭിച്ച തുക ഉൾപ്പെടെ കണക്കാക്കിയാൽ പോലും ചിത്രത്തിന് 100 കോടി രൂപ നഷ്ടം നേരിടുമെന്നാണ് റിപ്പോർട്ടുകളുണ്ട്.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം 10.70 കോടി, 12.60 കോടി, 16.10 കോടി രൂപയാണ് ചിത്രം നേടിയത്. റിലീസ് ആയി ആദ്യ മൂന്ന് ദിവസങ്ങളിൽ ഭേദപ്പെട്ട പ്രതികരണം നേടിയെങ്കിലും പിന്നീട് ചിത്രം കൂപ്പുകുത്തുകയാണെന്നാണ് സൂചന.
അതേസമയം, സാമ്രാട്ട് പൃഥ്വിരാജിനൊപ്പം റിലീസായ ‘വിക്രം’, ‘മേജർ’ എന്നീ തെന്നിന്ത്യൻ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ബോക്സോഫീസിൽ നിന്ന് ലഭിക്കുന്നത്. കമൽ ഹാസൻ ചിത്രമായ വിക്രം 4 ദിവസം കൊണ്ട് 200 കോടിയോളം രൂപം കളക്റ്റ് ചെയ്തിട്ടുണ്ട്. മേജർ നേടിയത് 40 കോടി രൂപയോളമാണ്.
ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ‘സാമ്രാട്ട് പൃഥ്വിരാജി’ന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മാനുഷി ഛില്ലർ, സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യാഷ് രാജ് ഫിലിംസ് ആണ് ചിത്രത്തിൻ്റെ നിർമാണം.