കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യത്തിന് ഇന്ത്യയില്‍ പര്യായ പദം തന്നെയാണ് ഐശ്വര്യ റായ് എന്ന പേര്. ഐശ്വര്യറായിയെപ്പോലെ എന്നത് അതീവ സുന്ദരി എന്ന് തന്നെയാണ് അര്‍ത്ഥമെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. ലോകവേദികളില്‍ തന്നെ ഇന്ത്യയുടെ സൗന്ദര്യത്തികവായി അറിയപ്പെടുന്ന ഐശ്വര്യ റായ് ഇന്ന് 49 വയസിലേക്ക് കടക്കുകയാണ്. അഴക് പോലെതന്നെ ഉജ്ജ്വലമായ ആ താരജീവിതത്തെക്കുറിച്ച് അറിയാം.
സിനിമയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്താന്‍ ഗോഡ്ഫാദറോ അഭിനയപാരമ്പര്യമോ ഇല്ലാത്ത ഒരു പെണ്‍കുട്ടി ലേഡി സൂപ്പര്‍സ്റ്റാറായി വളരാന്‍ എത്രമാത്രം കഠിനാധ്വാനം ആവിശ്യമാണെന്ന് തെളിയിക്കുന്നത് കൂടിയാണ് ഐശ്വര്യയുടെ ജീവിതം. പഠനകാലം മുതല്‍ തന്നെ ഐശ്വര്യ മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. ഇത് ഐശ്വര്യയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. 1994ല്‍ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ ഐശ്വര്യ രണ്ടാം സ്ഥാനത്തെത്തി. ഇത് ഒരു തുടക്കം മാത്രമായിരുന്നു. പിന്നീട് ഐശ്വര്യ മിസ് ഇന്ത്യ വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ലോകസുന്ദരിയായി വളരാനും വളരെ വേഗം ഐശ്വര്യയ്ക്ക് സാധിച്ചു.
ഇന്ത്യന്‍ സിനിമയെ കപൂര്‍, ഖാന്‍മാര്‍ അടക്കി വാണിരുന്ന കാലത്ത് 1997ലായിരുന്നു സിനിമയിലേക്കുള്ള ബാംഗ്ലൂര്‍ സ്വദേശിയായ ഐശ്വര്യയുടെ പ്രവേശനം. മണിരത്‌നത്തിന്റെ ഇരുവര്‍ ആയിരുന്നു ആദ്യ ചിത്രം. അതിന് മുന്‍പ് തന്നെ 1993ല്‍ ഒരു പെപ്‌സി പരസ്യത്തില്‍ ആമിര്‍ ഖാനോടൊപ്പം ഐശ്വര്യ സ്‌ക്രീനിലെത്തിയിരുന്നു. ഇരുവര്‍ പുറത്തിറങ്ങിയതോടെ ഐശ്വര്യയുടെ ഭാഗ്യം തെളിഞ്ഞു. ഔര്‍ പ്യാര്‍ ഹോ ഗയ എന്ന ഹിന്ദി ചിത്രത്തിലൂടെ 1997ല്‍ തന്നെ ഐശ്വര്യ ബോളിവുഡിലേക്കും ചുവടുവച്ചു.
നിരവധി തവണ ലോകവേദിയില്‍ ഐശ്വര്യ ഇന്ത്യയുടെ പേര് വാനോളം ഉയര്‍ത്തിയിട്ടുണ്ട്. 1994ലാണ് ഐശ്വര്യ ലോകസുന്ദരിയാകുന്നത്. 2003ല്‍ ഐശ്വര്യ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി മെമ്പറായി. 2002ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ ഐശ്വര്യയുടെ ദേവദാസ് എന്ന ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ഐശ്വര്യയെ ആദരിച്ചു. വെറും 47 സിനിമകളില്‍ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ലോകത്തിന് മുന്നില്‍ ഐശ്വര്യ ഇന്ത്യന്‍ സിനിമയുടെ തന്നെ മുഖമായി. 2007 ഏപ്രില്‍ മാസത്തിലാണ് ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചത്.