പ്രഭാസ് നായകനായെത്തിയ ആദിപുരുഷ് എന്ന സിനിമ നിരോധിക്കണമെന്ന് സിനി വർക്കേഴ്സ് അസോസിയേഷൻ. നിലവിൽ കളിക്കുന്ന തീയറ്ററുകളിൽ നിന്ന് സിനിമ പിൻവലിക്കണമെന്നും ഭാവിയിൽ ഒടിടി റിലീസ് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സിനി വർക്കേഴ്സ് അസോസിയേഷൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംവിധായകൻ ഓം റൗട്ട്, തിരക്കഥാകൃത്ത് മനോജ് മുന്തഷിർ ശുക്ല, സംവിധായകർ എന്നിവർക്കെതിരെ കേസെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
സിനിമയിലെ ഡയലോഗുകളും തിരക്കഥയും ഹനുമാനെയും ശ്രീരാമനെയും അവഹേളിക്കുന്നതാണെന്ന് കത്തിൽ പറയുന്നു. ഹിന്ദു മതവികാരത്തെയും സനാതന ധർമത്തെയും സിനിമ വ്രണപ്പെടുത്തുന്നു. എല്ലാ മതക്കാരുടെയും ദൈവമാണ് ശ്രീരാമൻ. വിഡിയോ ഗെയിമിലെ കഥാപാത്രത്തെപ്പോലെയാണ് സിനിമയിലെ ശ്രീരാമൻ. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ ഡയലോഗുകൾ വേദനിപ്പിക്കുന്നു. പ്രഭാസ്, കൃതി സോനാൻ, സെയ്ഫ് അലി ഖാൻ എന്നിവർ ഇങ്ങനെ ഒരു മോശം സിനിമയുടെ ഭാഗമാവരുതായിരുന്നു എന്നും കത്തിൽ സൂചിപ്പിക്കുന്നു.
ആദിപുരുഷിനെതിരെ പരാതിയുമായി ഹിന്ദു മഹാസഭയും രംഗത്തുവന്നു. ലക്നൗ പൊലീസിലാണ് ഹിന്ദു മഹാസഭ പരാതിനൽകിയിരിക്കുന്നത്. ചിത്രത്തിൻ്റെ പോസ്റ്ററുകൾ കീറിയെറിഞ്ഞ പ്രവർത്തകർ സിനിമ കാണരുതെന്ന് ആവശ്യപ്പെട്ടു. അമ്പലത്തിൽ ഒരുമിച്ചുകൂടിയ പ്രവർത്തകർ സിനിമയ്ക്കെതിരെ മുദ്രാവാക്യങ്ങളുയർത്തി ജാഥ നടത്തി. സിനിമ പ്രദർശിപ്പിക്കുന്ന ഒരു മാളിൽ എത്തിയ ഇവർ പ്രദർശനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അകത്തുകടക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.
സിനിമയുടെ സംവിധായകൻ, നിർമാതാവ്, അഭിനേതാക്കൾ എന്നിവർക്കെതിരെയാണ് ഹിന്ദു മഹാസഭ പരാതിനൽകിയിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. സമാജ്‌വാദി പാർട്ടി നേതാക്കളും ചിത്രത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.
ഹിന്ദു ദേവനായ ശ്രീരാമൻ്റെ കഥയാണ് ആദിപുരുഷ്. ശ്രീരാമനായി പ്രഭാസ് എത്തുമ്പോൾ സീതയായി കൃതി സോനാൻ വേഷമിടുന്നു. സെയ്ഫ് അലി ഖാനാണ് രാവണൻ.