Entertainment

കളരി പയറ്റ് പഠിക്കാൻ പാലക്കാടെത്തി നടി ശ്വേത

പയറ്റിനെ കുറിച്ച് അറിഞ്ഞ് കേരളത്തിലേക്ക് വണ്ടി കയറി മറാഠി സിനിമാ താരം ശ്വേതാ പർദേശി. പാലക്കാട് ആലത്തൂരിൽ നിന്നാണ് ശ്വേതാ കളരിപ്പയറ്റ് അഭ്യസിക്കുന്നത്. സ്ത്രീകൾ ഏതെങ്കിലും ഒരു ആയോധന കല പഠിച്ചിരിക്കണം എന്നാണ് ശ്വേതയുടെ അഭിപ്രായം.

പാലക്കാട് ആലത്തൂരിലെ ബോധി കളരിപ്പയറ്റ് സെൻറ്റിൽ ബൈജു മോഹൻദാസിൻറെ നേതൃത്വത്തിലാണ് ശ്വേതാ പർദേശി കളരി പഠിക്കുന്നത്. തട്ടിലെത്തി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ ആദ്യപാഠങ്ങൾ ഡാൻസർ കൂടിയായ ശ്വേത സ്വായത്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾ വളരെ സ്‌നേഹമുള്ളവരാണെന്നും കേരളം തനിക്കിപ്പോൾ വീട് പോലെയാണെന്നും ശ്വേത ട്വന്റിഫോറിനോട് പറഞ്ഞു. ‘കേരളത്തിൽ പണ്ട് കാലത്ത് കളരിപയറ്റിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഉണ്ണിയാർച്ച. അതുപോലെ എല്ലാ സ്ത്രീകളും ഒരു ആയോധന കല പഠിച്ചിരിക്കണം. ഇന്നത്തെ കാലത്ത് അത് അത്യാവശ്യമാണ്’- ശ്വേത പറഞ്ഞു.

കളരി പഠിക്കാൻ കേരളത്തിൻറെ പുറത്തുനിന്നും ഒരുപാട് ആളുകൾ പാലക്കാട് എത്താറുണ്ട്. അങ്ങനെയാണ് ശ്വേതയും പാലക്കാട്ടേക്ക് എത്തുന്നത്. മറാഠിയിലെ വിവിധ ഡാൻസ് റിയാലിറ്റി ഷോകളിലും വിജയിച്ച താരമാണ് ശ്വേത. കളരിപയറ്റ് സമ്മാനിക്കുന്ന മെയ് വഴക്കം നൃത്തരംഗത്തും മുതൽകൂട്ടാകുമെന്ന വിശ്വാസത്തിലാണ് ശ്വേത.