Entertainment

‘ആ വ്യക്തി ഞാനല്ല, ബാങ്ക് തട്ടിപ്പിന് ഇരയായിട്ടില്ല’; വിവാദത്തിൽ വിശദീകരണവുമായി നടി ശ്വേതാ മേനോൻ

ബാങ്ക് തട്ടിപ്പിന് നടി ശ്വേതാ മേനോൻ ഇരയായെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. ശ്വേതാ മേനോന് തട്ടിപ്പിലൂടെ 57,636 രൂപ നഷ്ടമായെന്നും വാർത്തയിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ വാർത്ത തള്ളി ശ്വേത തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ( actress swetha menon about bank fraud )

‘രാവിലെ മുതൽ നടക്കുന്ന ചില ആശയക്കുഴപ്പങ്ങളിൽ വിശദീകരണം നൽകുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വന്ന അബദ്ധത്തിൽ അവർ അറിയാതെ മറ്റൊരു നടിക്ക് പകരം എന്റെ പേരാണ് നൽകിയിരിക്കുന്നത്. ഞാൻ തട്ടിപ്പിന് ഇരയായിട്ടില്ല’- ശ്വേത കുറിച്ചു.

മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിന്റെ നാൽപതോളം ഇടപാടുകാർക്ക് മൂന്നു ദിവസത്തിനുള്ളിൽ ലക്ഷങ്ങൾ നഷ്ടമായെന്നും അതിൽ നടി ശ്വേതാ മേനോനും ഉൾപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു വാർത്ത. താരത്തിന്റെ ചിത്രം ഉൾപ്പെടെ നൽകിയായിരുന്ന വാർത്ത പുറത്ത് വന്നത്. തുടർന്ന് പലരും ആശങ്കയോടെ താരത്തെ വിൡച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാർത്തയെ കുറിച്ച് ശ്വേത അറിയുന്നത്.

യഥാർത്ഥത്തിൽ ശ്വേതാ മേനോൻ എന്ന നടിയല്ല, മറിച്ച് ശ്വേത മേമൻ എന്ന ടിവി താരമാണ് തട്ടിപ്പിനിരയായത്. പേരിലെ സാദൃശ്യമാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അബന്ധം സംഭവിക്കാൻ കാരണം.