സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു മാസമാകുമ്പോഴാണ് ബോംബെ ഹൈക്കോടതി റിയക്ക് ജാമ്യം അനുവദിച്ചത്.
പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുംബൈ പൊലീസെത്തി. പ്രസ്തുത വ്യക്തിയുടെയോ അഭിഭാഷകന്‍റെയോ വാഹനം പ്രതികരണം എടുക്കാനായി ചെയ്സ് ചെയ്യരുത്. ആ വ്യക്തിയുടെയോ നിങ്ങളുടെയോ റോഡിലൂടെ പോകുന്ന സാധാരണക്കാരുടെയോ ജീവന്‍ അപകടത്തിലാക്കരുത്. ഡ്രൈവര്‍ക്കെതിരെ മാത്രമല്ല പിന്തുടരാന്‍ ആവശ്യപ്പെട്ടവര്‍ക്കെതിരെയും കേസെടുക്കുമെന്നും മുംബൈ പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജാമ്യത്തുകയായി റിയ ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണം. അടുത്ത 10 ദിവസം ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ഇന്ത്യ വിട്ട് പോകരുത്. കേസിലെ സാക്ഷികളെ കാണാന്‍ പാടില്ല തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സെപ്തംബര്‍ 9നാണ് റിയയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്.
എന്നാല്‍ റിയയുടെ സഹോദരന്‍ ഷോവികിന് ജാമ്യമില്ല. അതേസമയം സുശാന്തിന്റെ ജീവനക്കാരായ ദീപേഷ് സാവന്ത്, സാമുവല്‍ മിറാന്‍ഡ എന്നിവര്‍ക്കും ജാമ്യം ലഭിച്ചു കോടതി നടപടിയില്‍ സന്തോഷമുണ്ടെന് റിയ ചക്രബര്‍ത്തിയുടെ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡേ പ്രതികരിച്ചു. സത്യവും നീതിയും അംഗീകരിക്കപ്പെട്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.
സുശാന്തിനായി മയക്കുമരുന്ന് സംഘടിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് റിയയെ അറസ്റ്റ് ചെയ്തത്. വാട്സ് ആപ്പ് സന്ദേശങ്ങള്‍ തെളിവായി ലഭിച്ചെന്നാണ് എന്‍സിബി പറഞ്ഞത്. മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് സുശാന്തിനെ പിന്‍തിരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നാണ് റിയ കോടതിയില്‍ പറഞ്ഞത്.