വിജയ്യുടെ ആരാധക സംഘടനയായ ‘ആള്‍ ഇന്ത്യ തലപ്പതി വിജയ് മക്കള്‍ ഇയക്കം’ എന്നത് രാഷ്ട്രീയ പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത നടപടിയില്‍ തനിക്ക് പങ്കില്ലെന്ന് നടന്‍ വിജയ്. തന്‍റെ അച്ഛന്‍ തുടങ്ങിയത് കൊണ്ട് ആ പാര്‍ട്ടിയില്‍ ചേരേണ്ട കാര്യമില്ലെന്നും പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ലെന്നും നടന്‍ വിജയ് പത്രകുറിപ്പിലൂടെ അറിയിച്ചു. പാര്‍ട്ടിയുമായി തനിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ലെന്നും തന്‍റെ ഫോട്ടോയോ പേരോ ആരാധക സംഘടനയായ ‘വിജയ് മക്കള്‍ ഇയക്കം’ എന്നിവയോ ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ നിയമപരമായി നേരിടുമെന്നും വിജയ് പത്രകുറിപ്പില്‍ അറിയിച്ചു. വിജയ്‌യുടെ വക്താവ് റിയാസ് അഹ്മദ് ട്വിറ്ററിലൂടെയാണ് വിജയ് യുടെ ഭാഗം അറിയിച്ചത്. പത്രകുറിപ്പും ട്വിറ്ററില്‍ പങ്കുവെച്ചു.
വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു എന്നും ആരാധക സംഘടനയെ പാർട്ടിയാക്കി മാറ്റണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു എന്നുമായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. വിജയ് യുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖറിന്റെ പേരാണ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നല്‍കിയിരിക്കുന്നത്. പ്രസിഡന്റായി പത്മനാഭന്‍ എന്നിവരും ട്രഷററായി വിജയ്‍യുടെ അമ്മ ശോഭയുടെ പേരുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയത്.
Press Release In English https://t.co/fQJlLWUaTY pic.twitter.com/zoFZOHv5LW
— RIAZ K AHMED (@RIAZtheboss) November 5, 2020
1993ലാണ് നിരവധി വെല്‍ഫയര്‍ അസോസിയേഷനുകള്‍ കൂട്ടിചേര്‍ത്ത് ‘ആള്‍ ഇന്ത്യ തലപ്പതി വിജയ് മക്കള്‍ ഇയക്കം’ എന്ന പേരില്‍ വിജയ് ആരാധക സംഘം ആരംഭിക്കുന്നത്. നടന്‍ വിജയ്‍ യുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് നിരവധി വര്‍ഷങ്ങളായി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. അവസാനം പുറത്തിറങ്ങിയ മെര്‍സല്‍, സര്‍കാര്‍ എന്നീ ചിത്രങ്ങളും കനത്ത രാഷ്ട്രീയ പരാമര്‍ശങ്ങളാല്‍ ശ്രദ്ധേയമായിരുന്നു. ജി.എസ്.ടിക്കെതിരായും നോട്ടുനിരോധനത്തിനെതിരെയും രാജ്യത്തെ ആരോഗ്യ രംഗത്തെക്കുറിച്ചും കടുത്ത വിമര്‍ശനങ്ങളാണ് വിജയ്‍ സിനിമകള്‍ ഉയര്‍ത്തിയിരുന്നത്. തമിഴ്നാട്ടിലെ ജല്ലിക്കെട്ട് വിഷയത്തിലും രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന നീറ്റ് പരീക്ഷക്കെതിരെയും വിജയ്‍ പരസ്യമായി രംഗത്തുവന്നിരുന്നു.