Entertainment

നടൻ പ്രൃഥ്വിരാജിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ക്വാറന്‍റൈന്‍ പൂര്‍ത്തിയാകുന്നതുവരെ നിരീക്ഷണത്തില്‍ തുടരുമെന്നും പൃഥ്വിരാജ്

നടൻ പ്രൃഥ്വിരാജിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. താരം തന്നെയാണ് സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവായ വിവരം ഫേസ് ബുക്കിലൂടെ അറിയിച്ചത്. ക്വാറന്‍റൈന്‍ പൂര്‍ത്തിയാകുന്നതുവരെ നിരീക്ഷണത്തില്‍ തുടരുമെന്നും പൃഥ്വി അറിയിച്ചു. ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും സംഘവും കഴിഞ്ഞ മാസം 22നാണ് കൊച്ചിയിലെത്തിയത്.

മാര്‍ച്ചിലാണ് പൃഥ്വിയും സംഘവും ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് ജോര്‍ദാനിലെത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഷൂട്ടിങ് നിർത്തിവെക്കേണ്ടിവന്നു. ഇതിനിടയില്‍ ചിത്രത്തില്‍ അഭിനയിക്കേണ്ട ഒമാനി താരം ക്വാറന്‍റൈനിലായതും പ്രതിസന്ധിയുണ്ടാക്കി. പിന്നീട് ചിത്രീകരണം പൂര്‍ത്തിയാക്കി.

ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. അമല പോളാണ് ചിത്രത്തിലെ നായിക. നജീബ് എന്ന കഥാപാത്രമായി പൃഥ്വിയെത്തുമ്പോള്‍ ഭാര്യ സൈനുവായിട്ടാണ് അമല അഭിനയിക്കുന്നത്.

വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണ സാഹചര്യങ്ങളിൽ അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്‍റെ കഥയാണ്‌ ആടുജീവിതം. 2009ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരവും 2015ലെ പത്മപ്രഭാ പുരസ്കാരവും നോവലിന് ലഭിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിലേക്കും ആടുജീവിതം പരിഭാഷപ്പെടുത്തിയിട്ടുണ്ട്.