ഔദ്യോഗിക പരിവേഷങ്ങൾ അഴിച്ചുവെച്ച് മുഴുവൻ സമയ കലാജീവിതത്തിനായി ഒരുങ്ങുകയാണ് സിനിമ സീരിയൽ താരം ജോബി. 24 കൊല്ലത്തെ സർക്കാർ സർവീസിൽ നിന്നും ജോബി നാളെ വിരമിക്കുകയാണ്. സിനിമയിൽ സജീവമാകുന്നതിനൊപ്പം മറ്റ് സ്വപനങ്ങളും താരത്തിനുണ്ട്.
മലയാള സിനിമകളിലും ടെലിവിഷനിലും ചെറുതും വലുതുമായ വേഷങ്ങളാണ് ജോബി അഭിനയിച്ചുതീർത്തിട്ടുള്ളത്. 24 വർഷത്തെ സർവീസിന് ശേഷം തിരുവനന്തപുരം സ്റ്റാച്യുവിലുള്ള കെ.എസ്.എഫ്.ഇ അർബൻ റീജിയണൽ ഓഫീസിൽ നിന്ന് സീനിയർ മാനേജരായി വിരമിക്കുമ്പോൾ സിനിമയെയും ജീവിതത്തെയും കുറിച്ച് വലിയ പ്രതീക്ഷകളാണ് ജോബിക്ക്.
സിനിമയിൽ നിന്നും സ്ഥിരവരുമാനം ഇല്ലാതായതോടെയാണ് ജോബി 1999ൽ പിഎസിയിലൂടെ ജൂനിയർ അസിസ്റ്റന്റായി സർവീസിൽ കയറുന്നത്. അച്ചുവേട്ടന്റെ വീട് എന്ന ആദ്യ സിനിമയിലൂടെയായിരുന്നു ജോബിയുടെ കലാരംഗത്തേക്കുള്ള രംഗപ്രവേശം. അൻപതോളം സിനിമകളിലും നൂറോളം സീരിയലുകളിലും അഭിനയിച്ചെങ്കിലും സമയപരിമിതി മൂലം ചെറിയ വേഷങ്ങളായിരുന്നു ഏറെയും.
അതിൽ കൂടുതലും ഹാസ്യവേഷങ്ങളും.2018ൽ മണ്ണാങ്കട്ടയും കരിയിലയും എന്ന ചിത്രത്തിലെ കഥാപാത്രത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ‘കെ.എസ്.എഫ്.ഇ ജീവിതം വളരെ സന്തോഷം നൽകിയിരുന്നു. സിനിമയിൽ സജീവമാകുന്നതിനൊപ്പം ഓട്ടിസം ഉൾപ്പെടെ ഭിന്നശേഷിയുള്ള കുട്ടികൾക്ക് സ്കൂൾ തുടങ്ങുകയാണ് ലക്ഷ്യം. എന്റെ രണ്ടു മക്കളിൽ ഇളയ ആൾക്ക് ഓട്ടിസമാണ് അവനെ പോലെയുള്ള അവസ്ഥയിലുള്ള കുട്ടികൾക്കായുള്ള സ്കൂൾ തുടങ്ങണമെന്നാണ് ആഗ്രഹമെന്നും’- ജോബി പറയുന്നു.