പുതിയ ചിത്രം അസുരന്റെ ഓഡിയോ ലോഞ്ചിനിടെ ധനുഷ് നടത്തിയ പ്രസംഗം വിവാദത്തില്‍. ചുരുക്കം നിര്‍മ്മാതാക്കളേ മുഴുവന്‍ പ്രതിഫലവും നല്‍കുന്നുള്ളൂവെന്നും പലരും കബളിപ്പിച്ചിട്ടുണ്ടെന്നുമാണ് ധനുഷ് പറഞ്ഞത്. പിന്നാലെ വിയോജിപ്പുമായി നിര്‍മാതാക്കള്‍ രംഗത്തെത്തി.
“തമിഴ് നിര്‍മാതാക്കളില്‍ നിന്ന് പ്രതിഫലം കിട്ടുകയെന്നത് ഇന്നത്തെ കാലത്ത് എളുപ്പമല്ല. പ്രതിഫലം വാങ്ങിയെടുക്കുക എന്നത് തന്നെ ഒരു പണിയാണ്. തന്‍റെ വ്യക്തിപരമായ അനുഭവത്തില്‍ പലരും പറ്റിച്ചിട്ടുണ്ട്. എന്നാല്‍ അസുരന്‍റെ നിര്‍മാതാവ് ഷൂട്ടിങ് തുടങ്ങും മുന്‍പ് തന്നെ പ്രതിഫലം തന്നു”- ധനുഷ് വ്യക്തമാക്കി.
പിന്നാലെ ധനുഷിനെതിരെ പ്രശസ്ത നിര്‍മാതാവ് അഴകപ്പന്‍ രംഗത്ത് വന്നു. തമിഴിലെ നിര്‍മാതാക്കളെയെല്ലാം പ്രതികൂട്ടിലാക്കുന്ന പരാമര്‍ശമാണ് ധനുഷ് നടത്തിയത്. ധനുഷ് അഭിനയിച്ച പുതുപ്പേട്ട സിനിമയുടെ നിര്‍മാതാവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സിനിമകള്‍ പരാജയപ്പെട്ടതോടെ സിനിമാ വ്യവസായത്തില്‍ നിന്ന് പിന്മാറേണ്ടിവന്നു. വിജയ്, അജിത്ത് തുടങ്ങിയ നടന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് നിര്‍മാതാക്കള്‍ ആഗ്രഹിക്കുന്നത്. കാരണം അവര്‍ ധനുഷിനെ പോലെയല്ല. നഷ്ടം വന്നാല്‍ നിര്‍മാതാക്കളെ സഹായിക്കുന്നവരാണെന്നും അഴകപ്പന്‍ പറഞ്ഞത്.
സൂപ്പര്‍ താരങ്ങള്‍ കോടികളാണ് പ്രതിഫലം വാങ്ങുന്നത്. അവരുടെ ചിത്രങ്ങള്‍ പരാജയപ്പെട്ടാല്‍ നിര്‍മാതാക്കളുടെ കഥ അതോടെ തീരും. അത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ട് ധനുഷ് അതെക്കുറിച്ച് പറയുന്നില്ല? ഇക്കാര്യത്തില്‍ ധനുഷിനൊപ്പം സംവാദം നടത്താന്‍ താന്‍ തയ്യാറാണെന്നും അഴകപ്പന്‍ വ്യക്തമാക്കി.
ഇതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ധനുഷിനെ പിന്തുണച്ച് ആരാധകര്‍ രംഗത്തെത്തി. വീ സ്റ്റാന്റ് വിത്ത് ധനുഷ് എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ വൈറലാവുകയാണ്. ദേശീയ പുരസ്കാരം നേടിയ ചിത്രങ്ങളുടെ നിര്‍മാതാവ് കൂടിയായ ധനുഷിനെതിരായ വിമര്‍ശനങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നാണ് ആരാധകരുടെ നിലപാട്.