Entertainment

നിപ കാലത്തെ സി.ഐ.ഡി; പാര്‍വതി അവതരിപ്പിച്ച കഥാപാത്രം ഇതാ ഇവിടെയുണ്ട്..

നിപയെന്ന മഹാമാരിയെ കേരളം അതിജീവിച്ചതിന്റെ കഥയാണ് ആഷിഖ് അബു ചിത്രം വൈറസ് പറയുന്നത്. ചിത്രത്തിലെ മിക്കവാറും കഥാപാത്രങ്ങളെയും സ്ക്രീനില്‍ പകര്‍ത്തിയത് യഥാര്‍ഥ ജീവിതത്തില്‍ നിന്നുമാണ്. പാര്‍വതി അവതരിപ്പിച്ച ഡോക്ടര്‍ അനു എന്ന കഥാപാത്രസൃഷ്ടിക്ക് കാരണം ഡോ സീതു പൊന്നു തമ്പിയാണ്. നിപ ബാധിത പ്രദേശങ്ങളില്‍ ഡോ സീതു നടത്തിയ അന്വേഷണങ്ങള്‍ നിര്‍ണായകമായിരുന്നു. വൈറസില്‍ പാര്‍വതി അവതരിപ്പിച്ച ഡോ അനുവിലൂടെ സീതുവിന്‍റെ അന്വേഷണങ്ങള്‍ ലോകം അറിയുകയാണ്.

കോഴിക്കോട് കമ്യൂണിറ്റി മെഡിസിന്‍ എം.ഡി വിദ്യാര്‍ഥിനിയാണ് ഡോക്ടര്‍ സീതു പൊന്നു തമ്പി. അധികമാരാലും അറിയപ്പെടാത്ത വെറുമൊരു പി.ജി വിദ്യാര്‍ത്ഥിനിയായ തന്റെ ഭാര്യയുടെ പെരുമാറ്റത്തിലെയും വേഷവിധാനങ്ങളിലെയും സൂക്ഷ്മാംശങ്ങളെപ്പോലും ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ പാര്‍വതി സ്വാംശീകരിച്ചെന്ന് സീതുവിന്‍റെ ഭര്‍ത്താവ് ഡോ.ബിജിന്‍ ജോസഫ് പറയുന്നു. നിപ കാലത്ത് കോഴിക്കോട് കലക്ടറായിരുന്നു യു.വി ജോസ് സ്‌നേഹപൂര്‍വ്വം വിളിച്ചു തുടങ്ങി, നിപ സെല്ലിലെ മറ്റുള്ളവര്‍ ഏറ്റെടുത്ത സി.ഐ.ഡി എന്ന പ്രയോഗം സിനിമയിലും കണ്ടപ്പോള്‍ ഭര്‍ത്താവെന്ന നിലയില്‍ തനിക്ക് ചെറുതല്ലാത്ത സന്തോഷവും അഭിമാനവും തോന്നിയെന്ന് ഡോ.ബിജിന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

കഥാപാത്രത്തെ മനസ്സിലാക്കാന്‍ ആഷിഖ് അബു, റിമ, മുഹ്‌സിന്‍, പാര്‍വതി എന്നിവര്‍ തങ്ങളെ നേരില്‍ കണ്ട് സംസാരിച്ചിരുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മലയാളത്തിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളായ പാര്‍വതിയെ തെരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ട്. പാര്‍വതിയുടെ ഭര്‍ത്താവായി ജിനു ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രം താന്‍ ഇഖ്റ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ഡോ ബിജിന്‍ ജോസഫ് വ്യക്തമാക്കി.