Entertainment

പേടിപ്പിക്കാന്‍ ആകാശഗംഗ 2 എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പ്രേക്ഷകരെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന മുഹൂര്‍ത്തങ്ങളുമായി ആകാശഗംഗ 2 എത്തുന്നു. ഹൊറര്‍ മൂഡിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലീം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമ്യ കൃഷ്ണന്‍, പ്രവീണ, ആരതി, തെസ്‌നി ഖാന്‍, കനകലത, നിഹാരിക തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകാശഗംഗ എന്ന സിനിമ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ് ആകാശഗംഗ 2 ന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് ശേഷം വിനയന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ആകാശഗംഗ 2. മോഹന്‍ലാലിനെ നായകനാക്കി ചിത്രമെടുക്കാനുള്ള ഒരുക്കത്തില്‍ കൂടിയാണ് വിനയന്‍.

1999ലാണ് ആകാശഗംഗ പുറത്തിറങ്ങുന്നത്. ദിവ്യാ ഉണ്ണിയായിരുന്നു നായിക. കലാഭവന്‍ മണി, രാജന്‍ പി.ദേവ്, കല്‍പന, ജഗദീഷ്, സുകുമാരി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം വന്‍വിജയമായിരുന്നു.