Entertainment

‘ഇത് വൃത്തികെട്ട രാഷ്ട്രീയം’: സുശാന്ത് കേസിൽ തനിക്കെതിരായ ആരോപണങ്ങളെ കുറിച്ച് ആദിത്യ താക്കറെ

സുശാന്ത് സിങ് കേസിൽ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ നീചമായ രാഷ്ട്രീയത്തിന്റെ ഭാ​ഗമെന്ന് മന്ത്രിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ. സിനിമാ മേഖലയിലുള്ളവരുമായി വ്യക്തിപരമായ ബന്ധങ്ങളുണ്ടാകുന്നത് കുറ്റമല്ല. മരിച്ചുപോയവരെ മുന്നിൽ നിർത്തി രാഷ്ട്രീയം കളിക്കുന്നത് മനുഷ്യത്യ രഹിതമാണെന്നും ആദിത്യ താക്കറെ പറഞ്ഞു.

ഞാൻ ഹിന്ദുഹൃദയ സാമ്രാട്ട് ബാലാസാഹേബ് താക്കറെയുടെ കൊച്ചുമകനാണ്. മഹാരാഷ്ട്രയുടെയോ ശിവസേനയുടെയോ താക്കറെ കുടുംബത്തിന്റെയോ അഭിമാനം കളങ്കപ്പെടുത്തുന്ന ഒന്നും ഞാൻ ചെയ്യില്ല. മഹാരാഷ്ട്ര സർക്കാർ കൊറോണക്കെതിരായ യുദ്ധത്തിലാണ്. കൊറോണ പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ചിലർക്ക് സഹിക്കുന്നില്ല. അതുകൊണ്ട് സുശാന്ത് സിങിന്റെ മരണം സംബന്ധിച്ച കേസ് അന്വേഷണം അവർ രാഷ്ട്രീയവൽക്കരിക്കുകയാണ്- ആദിത്യ താക്കറെ പ്രസ്താവനയിൽ പറഞ്ഞു.

മുംബൈ പൊലീസിന്റെ കേസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് സുശാന്തിന്റെ കുടുംബ അഭിഭാഷകൻ വികാസ് സിങ് ആരോപിക്കുകയുണ്ടായി. സുശാന്തിന്റെ പിതാവ് റിയ ചക്രവർത്തിക്കെതിരെ നൽകിയ പരാതി അന്വേഷിക്കാൻ മുംബൈയിലെത്തിയ ബിഹാർ പൊലീസുമായി മുംബൈ പൊലീസ് സഹകരിക്കാത്തും രാഷ്ട്രീയ ആരോപണങ്ങൾക്കിടയാക്കി. സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് 50 കോടി പിൻവലിക്കപ്പെട്ടിട്ടും കേസിലെ സാമ്പത്തിക വശം എന്തുകൊണ്ട് മുംബൈ പൊലീസ് അന്വേഷിച്ചില്ലെന്ന് ബിഹാർ ഡിജിപി പരസ്യമായി ചോദിച്ചതോടെ ബിജെപി കേസ് രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ്. മന്ത്രിമാരും ബോളിവുഡും തമ്മിലുള്ള അവിശുദ്ധബന്ധം കാരണം മുംബൈ പൊലീസ് യഥാർഥ പ്രതികളെ സംരക്ഷിക്കുയാണെന്നാണ് ബിജെപിയുടെ ആരോപണം. പിന്നാലെയാണ് ആദിത്യ താക്കറെ പ്രസ്താവനയുമായി രം​ഗത്തെത്തിയത്.