Entertainment Movies

ബോക്‌സ് ഓഫിസ് കളക്ഷന്‍ 1.26 കോടിയില്‍ ഇഴയുന്നു; നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതെ 72 ഹൂറൈന്‍


ദി കേരള സ്റ്റോറിയ്ക്ക് ശേഷം ഇസ്ലാമിക തീവ്രവാദം പ്രമേയമാക്കി പുറത്തിറങ്ങിയ സിനിമയായ 72 ഹൂറൈന്‍ സിനിമ മൂന്നാം ദിവസവും ബോക്‌സ്ഓഫിസ് കളക്ഷനില്‍ വളരെ പിന്നില്‍. സിനിമ പുറത്തിറങ്ങി മൂന്നാം ദിവസമായിട്ടും ബോക്‌സ്ഓഫിസ് കളക്ഷന്‍ 1.26 കോടിയില്‍ തന്നെ ഇഴഞ്ഞുനീങ്ങുകയാണ്. സഞ്ജയ് പുരണ്‍ സിംഗ് ചൗഹാന്‍ സംവിധാനം ചെയ്ത ഈ ചിത്രം വലിയ പ്രേക്ഷക ശ്രദ്ധ നേടുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിച്ചതെങ്കിലും കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കാതെ വരികയായിരുന്നു. സിനിമാ ഇസ്ലാമിനെ അവഹേളിക്കുന്നു എന്ന പേരില്‍ വിവാദമാകുകയും നിര്‍മാതാക്കള്‍ക്കെതിരെ പരാതി ഉയരുകയും ചെയ്തിരുന്നു.

ചിത്രം 10 കോടി രൂപ ബജറ്റിലാണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് സൂചനകള്‍. ചിത്രം റിലീസ് ചെയ്ത ഒന്നാം ദിവസം 35 ലക്ഷം രൂപയാണ് നേടിയത്. രണ്ടാം ദിവസം ചിത്രം 44 ലക്ഷം രൂപ നേടിയെങ്കിലും നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച രണ്ട് ദിവസം കൊണ്ട് ഒരു കോടിയെന്ന നേട്ടം സിനിമയ്ക്ക് സ്വന്തമാക്കാന്‍ സാധിച്ചില്ല.

ഐഎംഡിബിയില്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ 72 ഹൂറൈന്‍ 29.5 ശതമാനം റേറ്റിംഗോടെ ഒന്നാം സ്ഥാനത്തെത്തിയിരുന്നതും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കിയിരുന്നു. അശോക് പണ്ഡിറ്റ്, ഗുലാബ് സിംഗ് തന്‍വര്‍, അനിരുദ്ധ് തന്‍വര്‍, കിരണ്‍ ദാഗര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.