Entertainment

മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് ഇച്ചാക്കയും താരങ്ങളും…

താരരാജാവ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകം. പ്രിയപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് മമ്മൂട്ടി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ആശംസ. ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഉണ്ണിമുകുന്ദന്‍, പൃഥ്വിരാജ് തുടങ്ങി വലിയ താരനിരയാണ് സമൂഹമാധ്യമങ്ങളിലൂടെ ആശംസകള്‍ അറിയിച്ചത്.

ഗുരുനാഥന് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു ലാലേട്ടന്റെ 62ാം പിറന്നാള്‍ ദിനത്തില്‍ ജയസൂര്യ പങ്കുവച്ച വരികള്‍. ലാലേട്ടനൊപ്പമുള്ള മനോഹര ചിത്രം കുഞ്ചാക്കോ ബോബനും പങ്കുവച്ചു. സിനിമാ താരങ്ങള്‍ക്കൊപ്പം സാംസ്‌കാരി രംഗത്തെയും ഒട്ടേറെ പേര്‍ നടനവിസ്മയത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍, നമുക്ക് പാര്‍ക്കാം മുന്തിരി തോപ്പുകളിലെ സോളമന്‍, കീരിടത്തിലെ സേതുമാധവന്‍, ടി പി ബാലഗോപാലന്‍ എം.എയിലെ ബാലഗോപാലന്‍, ഭരതത്തിലെ ഗോപി, ഭ്രമരത്തിലെ ശിവന്‍കുട്ടി, ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍, സ്ഫടികത്തിലെ ആടുതോമ, ചിത്രത്തിലെ വിഷ്ണു, രാജാവിന്റെ മകനിലെ വിന്‍സന്റ് ഗോമസ്, പഞ്ചാഗ്‌നിയിലെ റഷീദ്, തന്മാത്രയിലെ രമേശന്‍ നായര്‍, വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടന്‍, ദൃശ്യത്തിലെ ജോര്‍ജ്ജൂട്ടി തുടങ്ങി മോഹന്‍ലാല്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളെ എത്ര നൂറ്റാണ്ടുകഴിഞ്ഞാലും കലാലോകം മറക്കില്ല.

1960 മെയ് 21 നാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ വിശ്വനാഥന്‍ നായരുടേയും ശാന്തകുമാരിയുടേയും മകനായി മോഹന്‍ലാലിന്റെ ജനനം. 1980ല്‍ ഫാസില്‍ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം. തുടര്‍ന്നങ്ങോട്ട് വില്ലന്‍ വേഷങ്ങളില്‍നിന്ന് സഹനായകനിലേക്കും, നായകസ്ഥാനത്തേക്കും തുടര്‍ന്നങ്ങോട്ട് സൂപ്പര്‍താര പദവിയിലേക്കുമുള്ള മോഹന്‍ലാലിന്റെ ജൈത്രയാത്രയ്‌ക്കൊപ്പമാണ് മലയാള സിനിമ അതിന്റെ സുവര്‍ണഘട്ടം അടയാളപ്പെടുത്തിയത്. 42 വര്‍ഷങ്ങള്‍… 400 റോളം സിനിമകള്‍. എത്രയോ താരോദയങ്ങളും അസ്തമയങ്ങളും കണ്ട ഇന്ത്യന്‍ സിനിമയില്‍ മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിന് ഇന്നും പത്തരമാറ്റ് തന്നെ.

അഞ്ച് തവണ ദേശീയ പുരസ്‌കാരം, ഒമ്പത് തവണ സംസ്ഥാന പുരസ്‌കാരം. മലയാളസിനിമാ ബോക്‌സോഫീസിന്റെ ഉയരം ഇരുനൂറ് കോടി ക്ലബ്ബിലെത്തിച്ച വാണിജ്യവിജയങ്ങള്‍. പത്മഭൂഷനും പത്മശ്രീയും നേടിയ ഏക അഭിനേതാവ്. ടെറിറ്റോറിയല്‍ സേനയില്‍ ഓണററി ലെഫ്റ്റനന്റ് പദവി ലഭിക്കുന്ന ആദ്യ അഭിനേതാവ്. എണ്ണമറ്റ കാരുണ്യപ്രവൃത്തികളിലൂടെ കരുതലിന്റെ കൈ പിടിക്കുന്ന മഹാനടന്‍. മലയാളത്തിനായി ഇനിയും നിറയണം ഭാവങ്ങളുടെയും ജീവിതത്തിന്റെയും ആ മഹാസാഗരം.