ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളി. തിരക്കഥാകൃതും സംവിധായകനുമായ സജീവ് പിള്ള നൽകിയ ഹർജി എറണാകുളം ജില്ലാ കോടതിയാണ് തളളിയത്.
മമ്മൂട്ടി നായക വേഷത്തിലെത്തുന്ന ബഹുഭാഷാ ചിത്രത്തിൽ നിന്നും തന്നെ ഒഴിവാക്കി എന്ന് കാണിച്ചാണ് ചിത്രീകരണം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സജീവ് പിള്ള കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ മാമാങ്കം സിനിമയുടെ പൂർണാവകാശം സജീവ് പിള്ള നിർമ്മാതാവായ വേണു കുന്നപ്പള്ളിക്ക് കൈമാറിയതായി കോടതി കണ്ടത്തി.
തിരക്കഥയ്ക്ക് ഉൾപ്പെടെ പ്രതിഫലമായി നിശ്ചയിച്ചിരുന്ന 23 ലക്ഷത്തിൽ 21.75 ലക്ഷം രൂപയും സജീവ് പിള്ള സിനിമയുടെ രണ്ടാം ഷെഡ്യൂൾ പൂർത്തിയാകും മുമ്പ് തന്നെ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റിയിരുന്നു.
മുമ്പ് സിനിമകളൊന്നും ചെയ്തിട്ടില്ലാത്ത സജീവ് പിള്ള, ചിത്രീകരിച്ച ഒരു മണിക്കൂർ രംഗങ്ങളിൽ പത്തു മിനിറ്റ് സീനുകൾ പോലും സിനിമയിൽ ഉപയോഗിക്കാൻ കഴിയാത്ത നിലയിലായിരുന്നു. 13 കോടി രൂപയാണ് ഇതു മൂലം നഷ്ടമുണ്ടായത്. സിനിമ വീണ്ടും ഷൂട്ട് ചെയ്യേണ്ട സാഹചര്യവുമുണ്ടായതായി നിര്‍മ്മാതാവ് കോടതിയെ അറിയിച്ചു.
തുടക്കക്കാരനായതിനാൽ വീഴ്ചകൾ സംഭവിച്ചാൽ തന്നെ സിനിമയിൽ നിന്നും മാറ്റാവുന്നതാണെന്ന് സമ്മതിച്ച് സജീവ് പിള്ള നിർമ്മാതാവുമായി ഒന്നര വർഷം മുമ്പ് തന്നെ ഒപ്പു വെച്ചിരുന്ന കരാറും കാവ്യ ഫിലിംസിനു വേണ്ടി കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 100 കോടിയോളം ചെലവഴിച്ചാണ് മാമാങ്കം ചിത്രീകരിക്കുന്നത്. ബാഹുബലിക്കു ശേഷം നിർമ്മിക്കപ്പെടുന്ന ഏറ്റവും വലിയ യുദ്ധ സിനിമയായിരിക്കും മാമാങ്കം.