Education

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരമാണ് മേഖലാടിസ്ഥാനത്തില്‍ ഏറ്റവും മുന്നില്‍. 97.67 ശതമാനം പേര്‍ തിരുവനന്തപുരം മേഖലയില്‍ വിജയം നേടി. 97.05 ശതമാനവുമായി ബംഗളൂരുവാണ് തൊട്ടു പിന്നില്‍.

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സി.ബി.എസ്.ഇ വെബ് സൈറ്റില്‍ ഫലം ലഭ്യമാവുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പു മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. തിരുവനന്തപുരമാണ് മേഖലാടിസ്ഥാനത്തില്‍ ഏറ്റവും മുന്നില്‍. 97.67 ശതമാനം പേര്‍ തിരുവനന്തപുരം മേഖലയില്‍ വിജയം നേടി. 97.05 ശതമാനവുമായി ബംഗളൂരുവാണ് തൊട്ടു പിന്നില്‍.

ആകെ പരീക്ഷ എഴുതിയതില്‍ 88.78 ശതമാനം പേരാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 83.40 ശതമാനം ആയിരുന്നു. കോവിഡ് വ്യാപനം മൂലം പൂര്‍ത്തിയാക്കാനാവാതെ പോയ പരീക്ഷകളുടെ മാര്‍ക്കുകള്‍ നേരത്തെ പ്രസിദ്ധീകരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് തയാറാക്കിയത്. പന്ത്രണ്ടാം ക്ലാസിലെ കുട്ടികള്‍ക്കു സ്‌കോര്‍ മെച്ചപ്പെടുത്താന്‍ ഓപ്ഷനല്‍ പരീക്ഷയെഴുതാന്‍ അവസരം നല്‍കും.

എല്ലാ പരീക്ഷകളും എഴുതിയ കുട്ടികളുടെ ഫലം പരീക്ഷാ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്ന് സി.ബി.എസ്.ഇ മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിരുന്നു. മൂന്നു വിഷയത്തില്‍ കൂടുതല്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക്, മികച്ച പ്രകടനം നടത്തിയ മൂന്നു പരീക്ഷകളുടെ ശരാശരി മാര്‍ക്ക് എഴുതാത്ത വിഷയങ്ങള്‍ക്കു നല്‍കി. മൂന്നു വിഷയങ്ങളില്‍ മാത്രം പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക്, മികച്ച പ്രകടനം നടത്തിയ രണ്ടു വിഷയങ്ങളിലെ ശരാശരി മാര്‍ക്കാണ് എഴുതാത്ത വിഷങ്ങള്‍ക്കു നല്‍കിയത്.

ഒന്നോ രണ്ടോ വിഷങ്ങളിലെ പരീക്ഷ മാത്രം എഴുതിയ വളരെ കുറച്ചു വിദ്യാര്‍ഥികളുണ്ട്. പ്രധാനമായും ഡല്‍ഹിയില്‍നിന്നുള്ളവരാണ് ഇവര്‍. എഴുതിയ പരീക്ഷകളിലെ മാര്‍ക്കും ഇന്റേണല്‍ പരീക്ഷകളിലെ മാര്‍ക്കും അനുസരിച്ചാണ് ഫലം തയാറാക്കിയത്.