Cultural Pravasi Switzerland World

ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ പരമ്പര ” മേമനെകൊല്ലി” പതിമൂന്നാം ഭാഗം

ഇരുണ്ടുമൂടിയ ആകാശത്തിൽ നിന്നും കണ്ണീർതുള്ളികൾ പെയ്തിറങ്ങി.കുടകിൽ മൺസൂൺ ആരംഭിക്കുകയായി.ഇടതൂർന്നു നിൽക്കുന്ന വൃക്ഷത്തലപ്പുകൾക്കിടയിലൂടെ നീർതുള്ളികൾ അവരെ തേടി വന്നു.പകൽ വെളിച്ചത്തിലും മിന്നൽ പിണരുകൾ ഭൂമിയിലേക്കിറങ്ങി വന്ന് നൃത്തം ചെയ്തു. പേടിപ്പെടുത്തുന്ന ഇടിമുഴക്കത്തിൽ അവരുടെ ഉള്ളിലും ഭയത്തിൻ്റെ വിത്തുകൾ വിതയ്ക്കപ്പെട്ടു.കോരിച്ചൊരിയുന്ന മഴയത്തു നനഞ്ഞു കുളിച്ചു എല്ലാവരും.എങ്ങിനെയെങ്കിലും ഇത് അവസാനിപ്പിച്ച് പോയാൽ മതി എന്ന അവസ്ഥയിൽ ആയിക്കഴിഞ്ഞിരുന്നു അവർ .
കോരി ചൊരിയുന്ന മഴയിലേക്ക് മിന്നി ഇറങ്ങി ഓടിയപ്പോഴേ എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന് ശങ്കരൻ നായർ കരുതിയിരുന്നു. താഴേക്ക് ചാടിയ മിന്നിയെ തക്ക സമയത്തുതന്നെ നായരുടെ ബലിഷ്ടമായ കൈകൾ പിടിച്ചു നിർത്തി.

അവൾ നായരെ നോക്കി വിതുമ്പി കരഞ്ഞു.കഷ്ടിച്ച് തൻ്റെ മകൾ ഗീതയുടെ പ്രായമേയുള്ളു മിന്നിക്ക്.നായർ പതുക്കെ അവളുടെ പുറത്തു തലോടി ആശ്വസിപ്പിച്ചു. മഴയത്തു നിന്നും അവളെ പട്ടാളക്കാർ നിർമ്മിച്ച ടെന്റിലേക്ക് കൂട്ടിക്കൊണ്ടുവന്നു.സമയം സന്ധ്യയാകുന്നു.

പ്രകാശം മങ്ങിതുടങ്ങിയിരുന്നതുകൊണ്ട് ഇന്ന് വിശ്രമിച്ചിട്ട് കാലത്ത് ജോലി തുടരാമെന്ന് അവർ തീരുമാനിച്ചു. മറ്റൊന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ സാദ്ധ്യവുമല്ല.
എല്ലാവരും ഭക്ഷണം കഴിച്ചിട്ട് ഉറങ്ങാൻ കിടന്നു. ക്ഷീണം കാരണം ഉറങ്ങിപോയ ശങ്കരൻനായർ കണ്ണു തുറക്കുമ്പോൾ പ്രഭാതമായിരുന്നു. അത്ഭുതകരമായ ഏതോ ദേശത്ത് കുടുങ്ങി പോയ ആളിൻ്റെ മാനസികാവസ്ഥയിൽ നിന്നും പുറത്തു വരാൻ അൽപം സമയമെടുത്തു. നായരുടെ കാൽക്കൽ നിലത്ത് ചുരുണ്ടുകൂടി കിടന്ന് ഉറങ്ങുന്ന മിന്നി അപ്പോഴും ഉണർന്നിരുന്നില്ല.അവളെ എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കുക എന്നതായി നായരുടെ ചിന്ത.

റെസ്ക്യു ടീമിലെ പട്ടാളക്കാർ നേരത്തെ തയ്യാറാക്കിയിരുന്ന വടം വഴി താഴേക്ക് ഇറങ്ങി.ശ്വാസം അടക്കിപ്പിടിച്ച് എല്ലാവരും എന്താണ് താഴെ സംഭവിക്കുന്നത് എന്ന ഉത്കണ്ഠയോടെയ കാത്തു നിന്നു.
താഴ് വാരത്തിലെ അവസ്ഥ ഭയാനകവും അതുപോലെ തന്നെ ശോചനീയവും ആയിരുന്നു. ബ്രിട്ടീഷ് മിലിട്ടറിയിലെ പട്ടാളക്കാർക്ക് അവർ പ്രതീക്ഷിച്ചിരുന്നതു പോലെ പ്രശ്നങ്ങളും തടസ്സങ്ങളും താഴേക്ക് ഇറങ്ങുമ്പോൾ ഉണ്ടായില്ല. എന്നാൽ മേമൻ്റെയും ബ്രൈറ്റിൻ്റെയും സ്ഥിതി വളരെ ദയനീയമായിരുന്നു. തലേ ദിവസം പെയ്ത മഴയിൽ നനഞ്ഞു കുതിർന്ന് മൃതശരീരങ്ങൾ ചീർത്തു തുടങ്ങിയിരുന്നു.ഒരു വല്ലാത്ത ദുർഗന്ധം അവിടെ മുഴുവൻ വ്യാപിച്ചിരുന്നു.

മഴ വെള്ളത്തിൽ ചീർത്തു തുടങ്ങിയ ബ്രൈറ്റിൻ്റെ കഴുത്തിൽ നിന്നും അപ്പോഴും മേമൻ്റെ നായ ബൂ പിടി വിട്ടിരുന്നില്ല. മാരകമായി മുറിവേറ്റിരുന്നു എങ്കിലും അവൻ അപ്പോഴും ശ്വസിച്ചു കൊണ്ടിരുന്നു.രണ്ടു ദിവസം കഴിഞ്ഞിട്ടും അവൻ ജീവിച്ചിരിക്കുന്നത് അവരെ അത്ഭുതപ്പെടുത്തി.പട്ടാളക്കാർ വിശ്വസിക്കാനാവാതെ ബൂവിനെ നോക്കി നിന്നു പോയി. ” ഇത്രയും വലിപ്പമുള്ള ഒരു നായയെ ആദ്യമായിട്ട് കാണുകയാണ്. ഇത് നായ തന്നെയാണോ?” അവർ പരസ്പരം ചോദിച്ചു.

അവശനായ ബൂവിനെ രണ്ടു പേർ ചേർന്ന് ബ്രൈറ്റിൻ്റെ കഴുത്തിൽ നിന്നും വേർപെടുത്തി മാറ്റി കിടത്തി.
ബൂ എഴുന്നേറ്റു നിന്നു.വല്ലാത്ത ഒരു ശബ്ദത്തോടെ അവൻ കഷ്ടപ്പെട്ട് ശ്വസിച്ചുകൊണ്ടിരുന്നു.പട്ടാളക്കാർ അവൻ്റെ കിതപ്പ് കണ്ട് വായിൽ അല്പം വെള്ളം ഒഴിച്ചു കൊടുത്തു .ബൂ അത് കുടിച്ചു.കിതച്ചു് കിതച്ചു് സാവകാശം മുന്നോട്ട് നടന്നു . ബ്രൈറ്റ് ഏല്പിച്ച മുറിവിൽ കൂടി അവൻ്റെ കുടൽമാലകൾ പുറത്തുചാടികിടന്നു.

മേമൻ്റെ അടുത്തു ചെന്ന ബൂ ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ചു. അവൻ മേമൻ്റെ നെഞ്ചിൽ തല ചേർത്തു വച്ച് കിടന്നു. ഒരു കൊച്ചു കുട്ടി അമ്മയുടെ മടിത്തട്ടിൽ ഉറങ്ങുന്നതു പോലെ അവൻ അവിടെ ശാന്തമായി ഉറങ്ങി. ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് അവൻ സാവകാശം വഴുതി വീണു.
മൂന്ന് മൃതദേഹങ്ങളും കൊല്ലിയിൽ നിന്നും പുറത്തു് എത്തിച്ചു.അവിടെ വച്ച് തന്നെ പോസ്റ്മാർട്ടം നടത്തി.
മേമൻ്റെ മൃതശരീരം മേമൻ പലപ്പോഴും ഉറങ്ങാറുള്ള ആ പാറക്കെട്ടുകൾക്കു അടുത്ത് ഒരു കുഴിയെടുത്തു് അടക്കം ചെയ്തു.ബുവിനെ അവൻ്റെ യജമാനൻ്റെ അടുത്തുതന്നെ സംസ്കരിച്ചു.
നിമിഷങ്ങൾക്കകം ഒഴുകി എത്തിയ പ്രളയ ജലം അവിടെ നിരന്ന് ഒഴുകി മേമനെയും ബൂ വിനേയും സ്വീകരിച്ചു.

തലേദിവസം ശങ്കരൻ നായർ സ്ഥാപിച്ചതും നാരായണൻ മേസ്ത്രി “മേമനെകൊല്ലി”, എന്ന് എഴുതിയതുമായ ശിലാഫലകം ശവകുടീരത്തിനു സമീപം വീണ്ടും സ്ഥാപിച്ചു .മഴനനഞ്ഞ ശിലാഫലകം നിർവ്വികാരമായി അവരെ നോക്കി നിന്നു.ഈ സ്ഥലം ഭാവിയിൽ ‘മേമനെകൊല്ലി’ എന്ന പേരിൽ അറിയപ്പെടും എന്ന് ആരും അപ്പോൾ വിചാരിച്ചിട്ട് ഉണ്ടാകില്ല.ഒരു പ്രദേശത്തിന് ശവകുടീരത്തിൽ നിന്നും പേര് സ്വികരിക്കേണ്ടി വരുന്നത് ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കാം.

തലശ്ശേരിയിലേക്ക് തിരിച്ചുപോകുമ്പോൾ ശങ്കരൻ നായർ വല്ലാതെ അസ്വസ്ഥനായി കാണപ്പെട്ടു.എന്തൊക്കെയോ നായർ പിറുപിറുത്തുകൊണ്ടിരുന്നു.ബ്രൈറ്റിന്റെ മൃതദേഹം തലശ്ശേരിയിൽ കൊണ്ടുവന്നു.ബോഡി വല്ലാതെ പരുക്കുകളേറ്റ് വികൃതമായിരുന്നു.പോരാതെ മഴ നനഞ്ഞു ഉണ്ടായ പ്രശ്നങ്ങൾ വേറെയും . ഈ അവസ്ഥയിൽ ആരും താല്പര്യമെടുക്കാത്തതുകൊണ്ട് ഇംഗ്ലണ്ടിലേക്കു ജെയിംസ് ബ്രൈറ്റിൻ്റെ ബോഡി കൊണ്ടുപോകുന്നതിനെക്കുറിച്ചു ആലോചിക്കുക പോലും ഉണ്ടായില്ല.

ബ്രൈറ്റിനെ തലശ്ശേരിയിലെ ആംഗ്ലോ ഇന്ത്യൻ സെമിത്തേരിയിൽ ആൻ മരിയയുടെ കല്ലറക്കു സമീപം സംസ്കരിച്ചു.നിരാശയും സങ്കടവും ക്ഷീണവും എല്ലാം കൂടിച്ചേർന്ന് ശങ്കരൻ നായരും നാരായണൻ മേസ്ത്രിയും ആകെ അവശരായി കഴിഞ്ഞിരുന്നു.അവരുടെ വിഷമം മനസ്സിലാക്കിയ ദാനിയേൽ വൈറ്റ് ഫീൽഡ് രണ്ടുപേരോടും കുറച്ചു ദിവസം അവധിയെടുത്തു് നാട്ടിൽ പോയി വരുവാൻ ഉപദേശിച്ചു.
മകൾ ഗീതയും അത് തന്നെ പറഞ്ഞു. മകൾ നിർബ്ബന്ധിച്ചപ്പോൾ നായർക്ക് സമ്മതിക്കേണ്ടി വന്നു.
തറവാട്ടിലെ കോലായിൽ കിടന്നുറങ്ങുന്ന നായർ എന്തോ ഉറക്കത്തിൽ പറയുന്നത് കേട്ട് മകൾ ഗീത അടുത്ത് ചെന്ന് ശ്രദ്ധിച്ചു,”മേമനെകൊല്ലി,മേമനെകൊല്ലി”എന്ന് നായർ പിറുപിറുത്തു കൊണ്ടിരുന്നു.ഗീതക്ക് അതു എന്താണന്നു മനസ്സിലായില്ല.

ഉറക്കമുണർന്നതിനു ശേഷം ഗീത എന്താണ്”മേമനെകൊല്ലി” എന്ന് അച്ഛനേട് ചോദിച്ചെങ്കിലും നായർ മറുപടി ഒന്നും പറഞ്ഞില്ല.എങ്കിലും കൊല്ലപ്പെട്ട മേമനെ സംബന്ധിച്ച എന്തോ ഒന്നാണ് എന്ന് അവൾ ഊഹിച്ചു. ഇപ്പോൾ കൊല്ലപ്പെട്ട മേമൻ ജീവിച്ചിരുന്ന മേമനേക്കാൾ സ്വാധീനമുള്ളവൻ ആയിരിക്കുന്നു. എല്ലാവർക്കും മേമനെക്കുറിച്ചേ പറയാൻ ഉള്ളു.

രണ്ടാഴ്ചത്തെ വിശ്രമം കൊണ്ട് നായർ ഊർജ്വസ്വലത വീണ്ടെടുത്തു. തറവാട്ടിലെ താമസത്തിനിടയിൽ ഗീതയുടെ വിവാഹം ഉടനെ നടത്തുവാൻ തീരുമാനമായി. നേരത്തെ ഉറപ്പിച്ചു വച്ചിരുന്ന വിവാഹം ജാതകദോഷം തീരാൻ കാത്തിരിക്കുകയായിരുന്നു.

ജോലിയുടെ തിരക്കിൽ മുഴുകിയപ്പോൾ സാവധാനം ശങ്കരൻ നായരും നാരായണൻ മേസ്ത്രിയും എല്ലാം മറന്നു തുടങ്ങി.ക്രമേണ അവർ മനപൂർവ്വം ജെയിംസ് ബ്രൈറ്റിനേക്കുറിച്ച് സംസാരിക്കാതെയായി.മൗനത്തിൻറെ ചിതൽപുറ്റ് ജെയിംസ് ബ്രൈറ്റിൻറെ ബംഗ്ലാവിനേയും മൂടികളഞ്ഞു.ആൻ മരിയയുടെയും ബ്രൈറ്റിൻ്റെയും മരണത്തോടെ അവർ താമസിച്ചിരുന്ന ബംഗ്ലാവ് അടഞ്ഞു കിടന്നു.ആളുകൾ ഒരു ദുശ്ശകുനമായി കരുതി അതിൻ്റെ സമീപ പ്രദേശങ്ങളിലേക്ക് പോകുന്നത് കഴിവും ഒഴിവാക്കി.ആരും തിരിഞ്ഞുനോക്കാതെ ആ വലിയ കെട്ടിടം വെറുതെ പൊടി പിടിച്ചു കിടന്നു. മേമൻ്റെ ശവസംസ്‌കാരം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞു,

ജെയിംസ് ബ്രൈറ്റിൻ്റെ ബംഗ്ലാവിൽ സൂക്ഷിച്ചിരുന്ന ചില രേഖകൾ തേടി നായർക്ക് അത് തുറക്കേണ്ടി വന്നു. നായരുടെ മനസ്സിൽ ചില സംശയങ്ങൾ ഉടലെടുത്തു. ചിലപ്പോൾ ആൻ മരിയയുടെ മരണവും കൊലപാതകം ആയിരിക്കാം, ആത്മഹത്യ ആയിരിക്കില്ല എന്ന് ഒരു തോന്നൽ.

ആർക്കും മനസ്സിലാകാത്ത ഒരു സമസ്യ ആയിട്ടാണ് എല്ലാവർക്കും മേമൻ്റെ കൊലപാതകവും അതിനോടനുബന്ധിച്ചുള്ള സംഭവങ്ങളും അനുഭവപ്പെട്ടത്.നിസ്സാരമായ കാര്യങ്ങൾക്ക് പ്രകോപിതനായി കുഞ്ചുവിനെയും മേമനെയും ജെയിംസ് ബ്രൈറ്റ് കൊല്ലുകയായിരുന്നു. ഈ വിഷയം ദാനിയേൽ വൈറ്റ് ഫീൽഡുമായി ശങ്കരൻ നായർ സംസാരിച്ചു.ചിലപ്പോൾ അത് ശരി ആയിരിക്കാം എന്ന് ദാനിയേലും അഭിപ്രായപ്പെട്ടു.

ഏതാനും ദിവസങ്ങൾക്കു ശേഷം അടച്ചിട്ടിരുന്ന ഒരു മുറിയിലെ അലമാരയിൽ നിന്നും അവർക്ക് ഇംഗ്ലണ്ടിൽ നിന്നും ഏതോ ഒരു ഡോക്ടർ അയച്ച കത്തുകളും ബ്രൈറ്റിൻ്റെ ഡയറിയും കണ്ടുകിട്ടി.
അതിൽ ഡോക്ട്ർ ” ബി.പി. ഡി.”എന്ന് എഴുതിയിരുന്നത് എന്താണെന്ന് നായർക്കും ദാനിയേലിനും മനസ്സിലായില്ല.

അവർ ഡയറി തുറന്നു,
“ഇന്നലെ ആൻ അതറിഞ്ഞു .അവൾ ഡോക്‌ടറുടെ കത്തുകൾ വായിച്ചിരിക്കുന്നു.എല്ലാം അവൾ മനസ്സിലാക്കി. ആൻ നീ എന്തിന് എൻ്റെ സ്വകാര്യതയിൽ അതിക്രമിച്ചു കയറുന്നു? എൻ്റെ വഴികളിൽ തടസ്സമായി നിൽക്കാൻ ഞാൻ ആരേയും അനുവദിക്കില്ല.ഗുഡ് ബൈ ആൻ,ഐ ലവ് യൂ പക്ഷേ…”.അതിലെ തിയ്യതി,ആൻ മരിക്കുന്നതിൻ്റെ തലേ ദിവസത്തേതായിരുന്നു.

ജെയിംസ് ബ്രൈറ്റിൻ്റെ രഹസ്യങ്ങൾ മനസ്സിലാക്കിയ ആൻ മരിയയെ കൊല്ലാൻ ജെയിംസ് ബ്രൈറ്റ് പ്ലാൻ ചെയ്തിരുന്നു എന്നു വേണം കരുതാൻ.എന്നാൽ വിഷാദ രോഗത്തിന് അടിമയായി കഴിഞ്ഞിരുന്നു ആൻ മരിയ. ബ്രൈറ്റിൻ്റെ രോഗ വിവരം അറിഞ്ഞതോടുകൂടി ഡിപ്രഷൻ വർദ്ധിച്ച് നിരാശയായി ആത്മഹത്യ ചെയ്തു.ഡയറിയിലെ താളുകൾ ഒന്നൊന്നായി നായർ മറിച്ചുകൊണ്ടിരുന്നു.നായർക്ക് ഇനി അറിയേണ്ടത് ഡയറിയിൽ കാണാതിരിക്കില്ല.

നായരുടെ വിരലുകൾ വിറയ്ക്കുന്നതും പേജുകൾ വേഗം വേഗം മറിക്കുന്നതും കണ്ട് ഡാനിയേൽ വൈറ്റ് ഫീൽഡ് ചോദിച്ചു,” എന്താ മിസ്റ്റർ നായർ ?വാട്ട് ഹാപ്പെൻഡ്?”നായർ തേടിയത് കിട്ടി.
“മേമൻ,എനിക്ക് കിട്ടേണ്ട അംഗീകാരങ്ങൾ തട്ടിയെടുത്തിരിക്കുന്നു.അതിനു പിന്നിൽ മിസ്റ്റർ നായരാണ്. ‘മേമൻ റൂട്ട്സ് ‘എന്ത് നോൺ സെൻസാണ് അത്‌?മിസ്റ്റർ നായർ നിങ്ങൾ എന്തിന് എന്നെ ശല്യപ്പെടുത്തന്നു?നിങ്ങളോട് യാത്ര പറയേണ്ടതായിട്ടു ഇരിക്കുന്നു.ഗുഡ് ബൈ മേമൻ,ഗുഡ് ബൈ, മിസ്റ്റർ നായർ. “ഇത് ഒരു മനുഷ്യനെ വെടിവച്ചു കൊല്ലാൻ മാത്രം ഗൗരവമുള്ളതാണോ?

തന്നെയും മേമനെയും കൊല്ലാൻ ജെയിംസ് ബ്രൈറ്റ് പ്ലാൻ ഇട്ടിരുന്നു എന്ന് വ്യക്തം. ഭാഗ്യം കൊണ്ടു മാത്ര രക്ഷപെടുകയായിരുന്നു. നായർക്ക് അസ്ഥികൾക്ക് ഉള്ളിൽ ഒരു മരവിപ്പ് അനുഭവപ്പെട്ടു.ദാനിയേൽ വൈറ്റ് ഫീൽഡ് പറഞ്ഞു, “വരൂ, മിസ്റ്റർ നായർ. എനിക്ക് ഈ സംഭവങ്ങളുടെയെല്ലാം പിന്നിലുള്ള ആ രഹസ്യം പിടികിട്ടി എന്നു തോന്നുന്നു. “ശങ്കരൻനായർ ചോദ്യ ഭാവത്തിൽ ദാനിയേൽവൈറ്റ് ഫീൽഡിന്റെ മുഖത്തേക്ക് നോക്കി.
(തുടരും)

NOVEL PART-1   NOVEL PART -2  NOVEL PART – 3

NOVEL PART – 4 NOVEL PART -5 NOVEL PART -6

NOVEL PART -7 NOVEL PART – 8 NOVEL PART-9

NOVEL PART – 10 NOVEL PART -11 NOVEL PART 12