സംഭവബഹുലമായ ഒരു ദിവസത്തിൻ്റെ ഭയപ്പെടുത്തുന്നതും സങ്കടകരവും ആയ അവസാനത്തിലേക്ക് നായരും സംഘവും നടന്നടുത്തു.
അവരുടെ തിരിച്ചുള്ള യാത്രയിൽ എല്ലാവരും നിശ്ശബ്ദരായിരുന്നു.പരസ്പരം മുഖത്തോടു മുഖം നോക്കി എല്ലാം ഉള്ളിൽ ഒതുക്കി അങ്ങിനെ ഇരുന്നു. കുതിരവണ്ടിയുടെ കുലുക്കത്തിന് അനുസരിച്ചു അവരുടെ എല്ലാവരുടേയും തലകളും ഒരു പാവയുടെ ചലനം പോലെ ചലിച്ചുകൊണ്ടിരുന്നു.യാത്രയുടെ ആരംഭത്തിൽ കൂടെ ഉണ്ടായിരുന്ന രണ്ടുപേർ ഇപ്പോൾ ഇല്ല.ഇനി ഒരിക്കലും തിരിച്ചു വരൻ കഴിയാത്ത ലോകത്തേക്ക് അവർ യാത്ര പോയി എന്നത് അവരുടെ മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തി.
ഇപ്പോൾ കുതിരകളുടെ കുളമ്പടി ശബ്ദം മാത്രം മുഴങ്ങി കേൾക്കാം . അവരുടെ കുതിരവണ്ടികളെ അനുഗമിക്കുന്ന ഇരുട്ടിലേക്ക് നോക്കി എല്ലാവരും ചിന്തകളിൽ മുഴുകി.
മാക്കൂട്ടത്തിൽ എത്തിയപ്പോൾ നായർ പറഞ്ഞു,”പോലീസിൽ റിപ്പോർട്ട് ചെയ്യണം.ഇരിട്ടിയിൽ ഒരു പോലീസ് ഔട്ട് പോസ്റ്റ് ഉണ്ട്. അവിടെ വിവരം അറിയിക്കാം.”
ഔട്ട് പോസ്റ്റിൽ ചെല്ലുമ്പോൾ അവിടെ ആരുമില്ല,അടഞ്ഞു കിടക്കുന്നു.
ഇനിയുള്ള മാർഗം തലശ്ശേരിയിൽ ചെല്ലുമ്പോൾ പോലീസ് സ്റ്റേഷനിൽ അറിയിക്കുക എന്നതാണ്.
തലശ്ശേരിയിൽ എത്തിയപ്പോൾ രാത്രി പത്തുമണി കഴിഞ്ഞു.നേരെ പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ എല്ലാവരും ഇതെന്തു ശല്യം ,ഈ രാത്രിയിൽ എന്ന ഭാവത്തിൽ അവരെ തുറിച്ചു നോക്കി.
നായർ സംഭവിച്ചതെല്ലാം വിശദമായി വിവരിച്ചു.
എല്ലാം കേട്ടു കഴിഞ്ഞ് സ്റ്റേഷൻ ഓഫീസർ ചോദിച്ചു,
“നിങ്ങൾ പറയുന്നതെല്ലാം സത്യമാണന്നുള്ളതിന് എന്താണ് തെളിവ്.? നിങ്ങൾ ബ്രൈറ്റിനെ അപായപ്പെടുത്തിയിട്ട് പറയുന്നതും ആകാമല്ലോ?”
ഇത്തരം ഒരു സാഹചര്യത്തിൽ പോലീസ് ഓഫിസർ ഇങ്ങനെ പ്രതികരിക്കുന്നത് കേട്ട് ശങ്കരൻനായർ ചോദിച്ചു, “എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്?”
“നിങ്ങൾ പറയുന്നത് എനിക്ക് പൂർണ്ണമായി വിശ്വസിക്കാൻ കഴിയില്ല.സ്വാഭാവികമായും ചില സംശയങ്ങളുണ്ട്.കാര്യങ്ങൾ വ്യക്തമല്ലങ്കിൽ ചിലപ്പോൾ നിങ്ങളെ എനിക്ക് അറസ്റ് ചെയ്യേണ്ടിയും വന്നേക്കാം.സത്യം പറയൂ, യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?”.
നായർ അരിശവും സങ്കടവും അടക്കി പറഞ്ഞു.
“ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കുന്നില്ല.എന്നെ വിശ്വസിക്കാത്ത നിങ്ങൾ, ഞാൻ പറഞ്ഞ കാര്യങ്ങളെ അടിസ്ഥാനമാക്കി അറസ്റ്റ് ചെയ്യും എന്ന് പറയുന്നു. നല്ല തമാശ തന്നെ. ശരി അറസ്റ്റ് ചെയ്തോളു”.
ഇൻസ്പെക്റ്റർ ഇളിഭ്യനായി.സ്റ്റേഷൻ ഓഫിസർ മനസ്സിൽ പറഞ്ഞു.
പറയുന്നത് മണ്ടത്തരം ആണ്. മരിച്ചു പോയ ഒരാൾക്കു വേണ്ടി ഇനി സൈഡ് പിടിക്കുന്നത് വിഡ്ഢിത്തമാണ്.
” മിസ്റ്റർ നായർ,നിങ്ങൾ എന്തെങ്കിലും ചെയ്തു എന്നല്ല ഞാൻ പറയുന്നത്.”
നായർ പറഞ്ഞു,”ചിലപ്പോൾ ഉടൻ ഇടപെട്ടാൽ അവരെ രക്ഷിക്കാൻ കഴിഞ്ഞേക്കും.അവർ മരിച്ചിട്ടു ഉണ്ടാകണമെന്നില്ല. എന്താണെന്നാൽ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തുകൊള്ളൂ.നിങ്ങൾക്ക് വേണമെങ്കിൽ എന്നെ അറസ്റ്റ് ചെയ്യാം.”
ഓഫീസർ ചുറ്റും ഒന്ന് കണ്ണോടിച്ചു. ശങ്കരൻ നായരുടെ കൂടെ വന്ന ഒരു ജനക്കൂട്ടം സ്റ്റേഷനു പുറത്തു കാത്തു നിൽക്കുന്നു.
ഒന്നും അന്വേഷിക്കാതെ വെറുതെ ഒരാളെ എങ്ങിനെ അറസ്റ്റു ചെയ്യും?തന്റെ വിരട്ടൽ ചെലവാകില്ല എന്ന് മനസ്സിലാക്കി ഓഫിസർ പറഞ്ഞു.
“ഞാൻ നിയമസാധ്യത പറഞ്ഞതാണ് മിസ്റ്റർ നായർ”.
ഓഫിസർ ഉരുണ്ടു കളിക്കുന്നത് നായർക്ക് മനസ്സിലായി.നായർ ഒന്നും മിണ്ടാതെ വെറുതെ നിന്നു
അത് എന്ത് നിയമമാണ്?
“നോക്കൂ മിസ്റ്റർ നായർ,ജെയിംസ് ബ്രൈറ്റിനെപോലെ ഉയർന്ന ജോലിയിൽ ഇരിക്കുന്ന ഒരാൾ വെറുതെ ഒരു ആദിവാസി ചെറുപ്പക്കരനെ വെടിവച്ചു കൊന്നു എന്ന് പറഞ്ഞാൽ എങ്ങിനെ വിശ്വസിക്കും?അയാൾക്കെന്താ ഭ്രാന്ത് ഉണ്ടോ?ഇത് പോലെ ഒരു കേസ് ആദ്യമാണ്.”
നായർ അയാൾ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ നിന്നു.
ഓഫിസർ തുടർന്നു.
“തന്നെയുമല്ല അത് മൈസൂർ റെസിഡൻറിൻ്റെ കീഴിലുള്ള സ്ഥലവുമാണ്.എന്തെങ്കിലും ചെയ്യുന്നതിന് എനിക്ക് പരിമിധികളുണ്ട്. അവരെ രക്ഷപെടുത്തുന്നതിനായി എന്തെങ്കിലും ചെയ്യാൻ ഇവിടെ യാതൊരു സൗകര്യവുമില്ല”.
അത് സത്യമായിരുന്നു.
ഈ പുതിയ സാഹചര്യത്തിൽ എന്തുചെയ്യാൻ സാധിക്കും?
അല്പസമയത്തെ ആലോചനകൾക്ക് ശേഷം സ്റ്റേഷൻ ഓഫിസറും ശങ്കരൻ നായരുംകൂടി തലശ്ശേരി കോട്ടയിലുള്ള മിലിറ്ററി ക്യാമ്പിൽ പോയി സഹായം ആവശ്യപ്പെടാൻ തീരുമാനിച്ചു.
മൈസൂർ റെസിഡൻറിനെ വിവരം അറിയിക്കാനുള്ള ഏർപ്പാടുകളും ചെയ്തു.
തലശ്ശേരി ഫോർട്ട് ബ്രിട്ടീഷ് മിലിറ്ററിയുടെ ഒരു പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ ഒന്നാണ്. പോർച്ചുഗീസ്‌കാർ നിർമ്മിച്ചതായിരുന്നു അത്.പോർച്ചുഗീസ് കാരുടെ കയ്യിൽ നിന്നും ബ്രിട്ടീഷ് മിലിറ്ററി കോട്ട പിടിച്ചെടുത്ത് വിപുലമാക്കി.
മലബാർ ഭാഗത്തെ ഒരു പ്രധാന മിലിറ്ററി ക്യാമ്പ് ആയി തലശ്ശേരി ഫോർട്ട് ഇപ്പോൾ ഉപയോഗിച്ച് വരികയാണ്.
തലശ്ശേരി ഫോർട്ടിൽ നിന്നും കണ്ണൂർ ഉള്ള സെൻറ് ആഞ്ചലോസ് കോട്ടയിലേക്ക് കടലിന് അടിയിൽക്കൂടി ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് എന്ന് കേട്ടുകേൾവിയും അക്കാലത്തു് ഉണ്ടായിരുന്നു.എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള ക്യാംപ് ആണ് തലശ്ശേരി ഫോർട്ട്..
ബ്രിട്ടീഷ്കാരുടെ മിലിറ്ററി ക്യാംപ് ആണെങ്കിലും, അവിടെയുള്ള പട്ടാളക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ തന്നെ ആയിരുന്നു.
അവർ എല്ലാ സഹായവും വാഗ്‌ദാനം ചെയ്തു.
പത്തു പട്ടാളക്കാർ,ഏതാനും പോലീസ്‌കാർ,ബ്രൈറ്റിൻ്റെ തൊഴിലാളികൾ എല്ലാം അടങ്ങുന്ന ഒരു സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെടാൻ കാലത്തു് തയ്യാറായി വന്നു.
കൊല്ലിയിൽ ഇറങ്ങാനുള്ള വടം,ചെയിൻ ബ്ലോക്‌സ് ,കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ക്രയിൻ , എമെർജൻസിയിൽ ഉപയോഗിക്കാനുള്ള ആയുധങ്ങൾ, ജീവ രക്ഷ ഉപകരണങ്ങൾ, സേഫ്റ്റി ലാംപ്‌സ് തുടങ്ങി എല്ലാം കരുതിയായിരുന്നു അവരുടെ യാത്ര.
ബ്രിട്ടീഷ് മിലിറ്ററിയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിന് ഇത് നിസ്സാരമായ കാര്യമാണ്.
ശങ്കരൻ നായരും നാരായണൻ മേസ്ത്രിയും തികച്ചും ക്ഷീണിച്ചു് അവശരായി കഴിഞ്ഞിരുന്നു.രണ്ടു ദിവസമായി ഊണും ഉറക്കവുമില്ലാതെ അലയുകയാണ്.
എങ്കിലും അവർക്ക് അവരോടൊപ്പം പോകാതിരിക്കാൻ കഴിയില്ല.
പ്രക്ഷുബ്ധമായ മനസ്സും അതുകൊണ്ട് ഉണ്ടാകുന്ന തലവേദനയും നായരെ വല്ലാതെ അലട്ടി.എന്തിനും സഹായിക്കാനായി നാരായണൻ മേസ്ത്രി ഉള്ളത് ഭാഗ്യമായി.
ഇപ്പോഴത്തെ സാഹചര്യത്തിൽ മേമനോ ജെയിംസ് ബ്രൈറ്റോ ജീവിച്ചിരിക്കാൻ സാധ്യത കുറവാണ് എന്ന് എല്ലാവർക്കും അറിയാം.എന്നാലും അന്വേഷിക്കാതിരിക്കൻ പറ്റില്ല.
ബൂ വിനെക്കുറിച്ചു് ആരും ഓർമിച്ചതേയില്ല.
തികച്ചും അജ്ഞാതമായ ഒരു കൊടും വനത്തിലെ അഗാധമായ ഗർത്തത്തിൽ വീണുപോയ അവരെ കണ്ടെടുക്കുക എന്നത് പോലീസിനെ സംബ്ബന്ധിച്ചു് ബുദ്ധിമുട്ടുള്ള കാര്യമാണ്.എന്നാൽ ബ്രിട്ടീഷ് മിലിറ്ററി സഹായിക്കാം എന്ന് ഏറ്റതോടുകൂടി പോലീസ്‌കാരെപ്പോലെ തന്നെ നായർക്കും നാരായണൻ മേസ്ത്രിക്കും ആശ്വാസമായി.
സംഭവം നടന്ന പ്രദേശത്തിൻ്റെ ഭൂപ്രകൃതി നോക്കിയിട്ട് റെസ്‌ക്യു ടീം പറഞ്ഞു
“ഇത് ഒരു പരീക്ഷണം മാത്രമാണ്.മിക്കവാറും ഏതെങ്കിലും മൃഗങ്ങളോ വന്യജീവികളോ അവരെ ജീവനോടെ തന്നെ തിന്നിട്ടുണ്ടാകാം.”
അത്തരം ചിന്തകൾ ശങ്കരൻ നായരെ വല്ലാതെ ഭയപ്പെടുത്തി.
ഈ കൊല്ലിയ്ക്ക് എത്ര ആഴമുണ്ട് എന്ന് അറിയില്ല.മറ്റു ഏതെങ്കിലും വഴിയിലൂടെ അവിടെ എത്താൻ കഴിയുമോ എന്ന് അന്വേഷിക്കാൻ പോയാൽ അതിന് കൂടുതൽ സമയമെടുക്കും.അതുകൊണ്ട് അറിയാവുന്ന സ്ഥലത്തു നിന്ന് രക്ഷാപ്രവർത്തനം ആരംഭിക്കാമെന്നു തീരുമാനിച്ചു.
മിക്കവാറും ഇത്തരം സ്ഥലങ്ങളിൽ താഴ്‌വരയിൽ ചെറിയ അരുവികൾ കാണും.ചിലപ്പോൾ വെള്ളം മഴപെയ്ത് കെട്ടി നിൽക്കുന്നുണ്ടാകും.
കുടകിൽ മൺസൂൺ ആരംഭിച്ചിരുന്നു.
തലേ ദിവസം രാത്രിയിൽ മഴ പെയ്തിരുന്നതുകൊണ്ട് അവരുടെ ജോലി കൂടുതൽ ബുദ്ധിമുട്ടുള്ളതായി തീരാനുള്ള സാദ്ധ്യതയും ഉണ്ട്.
മഴയിൽ കുതിർന്ന് കിടക്കുന്ന കരിയിലകളിലൂടെ നടക്കുമ്പോൾ നല്ല ശ്രദ്ധ വേണം.
പട്ടാളക്കാർ അടുത്തടുത്തുള്ള മൂന്നു മരങ്ങളിലായി നീളമുള്ള വടം കെട്ടി താഴേക്ക് തൂക്കിയിട്ടു.ഓരോ വടത്തിലും മൂന്നുപേർ വീതം താഴേക്ക് ഇറങ്ങാൻ തയ്യാറായി നിന്നു.
ബോഡി കണ്ടുകിട്ടിയാൽ കയറ്റികൊണ്ടുവരാൻ ഇരുമ്പുകൊണ്ടുള്ള കാസ്‌കറ്റ് സ്വയ രക്ഷയ്ക്കുള്ള ആയുധങ്ങൾ എല്ലാം അവർ കരുതിയിരുന്നു.
അടിയന്തരഘട്ടങ്ങളിൽ എന്തെങ്കിലും സഹായം ആവശ്യമായി വന്നാൽ അതിന് തയ്യാറായി റെസ്ക്യു ടീം റെഡി ആയി ചുറ്റും കാവൽ നിന്നു.അങ്ങ് താഴ് വാരത്തു അവരെ കാത്തിരിക്കുന്നത് എന്താണന്നു അറിയില്ല.
ഏറ്റവും വലിയ പ്രശ്നം താഴെ ഇറങ്ങുന്നവർക്ക് പുറത്തു നിൽക്കുന്നവരുമായി ബന്ധപ്പെടുവാൻ കാര്യമായ സംവിധാനങ്ങൾ ഒന്നും ഇല്ല എന്നതാണ്.
കുടകിലെ വനങ്ങളിൽ വിഷ പാമ്പുകളും പെരുമ്പാമ്പുകളും മറ്റു വനങ്ങളെ അപേക്ഷിച്ചു കൂടുതലാണ്.അവയുടെ ഉപദ്രവം ഏതുസമയത്തും പ്രതീക്ഷിക്കണം.
ഒരു മഴക്കുള്ള ഒരുക്കം കണ്ട്, ടീം ലീഡർ പറഞ്ഞു”അല്പം കൂടി കാത്തിരുന്നിട്ടു ഇറങ്ങാം.നല്ല ഒരു മഴയ്ക്ക് സാധ്യത കാണുന്നുണ്ട്”.
തന്നെയുമല്ല സമയം നാലുമണിയോടടുത്തിരുന്നു.ഇരുട്ടാകുന്നതിനുമുമ്പ് ജോലി തീർക്കണം.
വനത്തിനുള്ളിൽ നിന്നും ആരോ അവരുടെ അടുത്തേക്ക് നടന്നു വരുന്നു.
അടിക്കാടുകൾ തെളിഞ്ഞു നിൽക്കുന്ന വനത്തിനുള്ളിൽ ഒരു സ്ത്രീ രൂപം പ്രത്യക്ഷപ്പെട്ടു.
അത് മിന്നി ,മേമന്റെ പെണ്ണ് ആയിരുന്നു.
നായരുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി.
ഈശ്വര, ഇനി എന്താണോ സംഭവിക്കുക?അവൾ അറിഞ്ഞിട്ടുണ്ടാകുമോ?
ചിലപ്പോൾ അവനെ കാണാത്തതുകൊണ്ട് അന്വേഷിച്ചു വരുന്നതായിരിക്കും.
എന്താണെങ്കിലും അവളോട് എന്ത് പറയും?
മിന്നി നായരെ തിരിച്ചറിഞ്ഞു.അല്പം സങ്കോചത്തോടെ ആണെങ്കിലും നായരുടെ അടുത്ത് വന്നു,”മേമൻ?”
നായരുടെ മുഖത്തേക്കും മറ്റുള്ളവരുടെ മുഖത്തേക്കും മാറി മാറി നോക്കി.മിന്നിക്ക് കഷ്ട്ടിച്ചു ഇരുപതു വയസ്സുകാണും.ആരോഗ്യമുള്ള ശരീരം,ഒരു തുണി വാരി ചുറ്റിയിട്ടുണ്ട്.
അവൾക്ക് എന്തെല്ലാമോ മനസ്സിലായിട്ടുണ്ട് എന്ന് തോന്നുന്നു.നായർ പറഞ്ഞു,”മേമൻ…….താഴേക്ക് വീണു ….”
,താഴെ കൊല്ലിയിലേക്കു വിരൽ ചൂണ്ടി.
അവൾ കരഞ്ഞു തുടങ്ങി.
അത് കണ്ടിട്ടാകണം കുടക് മലകളെ കണ്ണീരണിയിക്കാൻ മഴയും പാഞ്ഞെത്തി. കുടകിൽ മൺസൂൺ കാലാവസ്ഥയിൽ എപ്പോഴാണ് മഴ പെയ്യുക എന്ന് പറയാൻ വിഷമമാണ്.നിമിഷനേരം കൊണ്ട് അവിടെ മഴവെള്ളം ഒഴുകിയെത്തി.കൊല്ലിയിലേക്ക് രക്ഷാപ്രവർത്തകർ ഇറങ്ങാതിരുന്നത് ഭാഗ്യമായി.മഴ സൃഷ്ടിച്ച പ്രളയത്തിൽ കരിയിലകൾ താഴേക്ക് ഒഴുകി.
സമയം ഇരുട്ടുവാൻ അധികമില്ല.
പട്ടാളക്കാർ ഒരു ടാർപ്പായ വലിച്ചുകെട്ടി മഴയിൽ നിന്നും രക്ഷ നേടാൻ.നായർ മഴ നനഞ്ഞു നിൽക്കുന്ന മിന്നിയോട് അവരുടെ അടുത്തു വന്നു നിൽക്കുവാൻ വിളിച്ചു.
നായർ അറിയാവുന്ന രീതിയിൽ ആംഗ്യമായും ഭാഷയിലും മേമൻ മരിച്ചിട്ടുണ്ടാകുമെന്നും ആ കുഴിയിലേക്ക് വീണു പോയി എന്നും വിശദീകരിച്ചു കൊടുത്തു
അവൾ മഴയിലേക്ക് ഇറങ്ങി,മേമൻ വീണുപോയ കൊല്ലിയുടെ നേർക്ക്.
നായർ പുറകെ ചെന്നു.
മിന്നി ഒന്നും നോക്കാതെ കൊല്ലിയിലേക്കു ചാടി.
(തുടരും)
NOVEL PART-1 NOVEL PART -2 NOVEL PART – 3
NOVEL PART – 4 NOVEL PART -5 NOVEL PART -6