സാമ്പത്തിക അച്ചടക്കത്തെക്കുറിച്ചും വ്യക്തിഗത സമ്പത്ത് വളര്‍ത്തുന്നതിനെക്കുറിച്ചും ‘റിച്ച് ഡാഡ് പുവര്‍ ഡാഡ്’ എന്ന ലോകപ്രസിദ്ധ പുസ്തകത്തിലൂടെ ലക്ഷക്കണക്കിന് ആളുകളെ പഠിപ്പിച്ച റോബേര്‍ട്ട് കിയോസാക്കി തന്റെ കടവിവരങ്ങള്‍ വെളിപ്പെടുത്തി. താന്‍ നിലവില്‍ 1.2 ബില്യണ്‍ ഡോളര്‍ (99795480000 രൂപ) കടത്തില്‍ മുങ്ങിനില്‍ക്കുകയാണെന്നാണ് കിയോസാക്കിയുടെ വെളിപ്പെടുത്തല്‍. ഈ വലിയ കടത്തെക്കുറിച്ച് തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് കിയോസാക്കി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
ബാധ്യതകളും ആസ്തികളും തമ്മില്‍ വേര്‍തിരിച്ച് മനസിലാക്കണമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് കിയോസാക്കി തന്റെ 1.2 ബില്യണ്‍ കടത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്നത്. ചിലര്‍ ബാധ്യതകള്‍ കൂട്ടാനാണ് കടം എടുക്കുന്നതെങ്കില്‍ എടുത്ത കടം നിക്ഷേപം നടത്താനാണ് താന്‍ ഉപയോഗിച്ചതെന്നും കിയോസാക്കി വ്യക്തമാക്കുന്നു. അതായത് ഫെറാറിയും റോള്‍സ് റോയ്‌സും ഉള്‍പ്പെടെയുള്ള തന്റെ ആഡംബര കാറുകളെ കിയോസാക്കി ഒരു ബാധ്യതയായാണ് കണക്കാക്കുന്നത്.പണം ശേഖരിച്ച് സൂക്ഷിക്കുക എന്ന രീതിയില്‍ കിയോസാക്കി സംശയം പ്രകടിപ്പിക്കുന്നുണ്ട്. 1971-ല്‍ അമേരിക്കന്‍ പ്രസിഡന്റ് നിക്‌സണ്‍ സ്വീകരിച്ച ചില സാമ്പത്തിക നടപടികളും കിയോസാക്കി തന്റെ ചിന്താഗതികളെ സാധൂകരിക്കുന്നതിനായി ഓര്‍മിപ്പിക്കുന്നുണ്ട്.
ഡോളറിനെ സ്വര്‍ണമാക്കി മാറ്റുന്നത് 1971 ല്‍ നിക്‌സണ്‍ തടഞ്ഞതും വിദേശ സര്‍ക്കാരുകള്‍ക്ക് ഡോളര്‍ സ്വര്‍ണമാക്കി മാറ്റാന്‍ സാധിക്കാതെ വന്നതും കിയോസാക്കി ഓര്‍മിപ്പിച്ചു. പണത്തെ പണമായി പൂഴ്ത്തിവയ്ക്കുന്നതിന് പകരം അതിനെ സ്വര്‍ണവും മറ്റ് വിലയേറിയ ലോഹങ്ങളുമാക്കി മാറ്റാനാണ് താന്‍ ശ്രമിച്ചതെന്നും കിയോസാക്കി പറഞ്ഞു. കടങ്ങള്‍ നല്ലതും ചീത്തയുമുണ്ടെന്ന് കിയോസാക്കി പറയുന്നു. തന്റെ സമ്പത്ത് നല്ല കടത്തിന്റെ ഗണത്തിലാണ് ഉള്‍പ്പെടുന്നത്. വായ്പകളാണ് തനിക്ക് വരുമാനമുണ്ടാക്കി തന്നിട്ടുള്ളത്. നല്ല കടങ്ങളാണ് സമ്പത്ത് ഉണ്ടാക്കി തന്നതെന്നും അദ്ദേഹം ഡിസ്‌റപ്‌റ്റേഴ്‌സ് പോഡ്കാസ്റ്റില്‍ പറഞ്ഞിരുന്നു. താന്‍ തകര്‍ന്ന് തരിപ്പണമായാല്‍ ബാങ്കുകളും തകര്‍ന്ന് തരിപ്പണമാകുമെന്നും അത് തന്റെ കുഴപ്പമല്ലെന്നും റോബര്‍ട്ട് കിയോസാക്കി പറയുന്നു.