Business

ഭക്ഷ്യവിലക്കയറ്റം കുറഞ്ഞത് പ്രധാന കാരണം; രാജ്യത്തെ റീടെയില്‍ പണപ്പെരുപ്പം കുറഞ്ഞു

രാജ്യത്തെ റീടെയില്‍ പണപ്പെരുപ്പം 6.38 ശതമാനമായി കുറഞ്ഞു. ആഗസ്റ്റ് മാസത്തിലെ പണപ്പെരുപ്പ നിരക്ക് സ്റ്റാറ്റിറ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് പുറത്തുവിട്ടത്. തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെ വില ഉയര്‍ന്നതോടെ ജൂലൈ മാസത്തില്‍ പണപ്പെരുപ്പം കുത്തനെ കൂടി 7.44 ശതമാനത്തിലെത്തിയിരുന്നു. എന്നാല്‍ ആഗസ്റ്റ് മാസത്തില്‍ സാമ്പത്തിക നിരീക്ഷകരുടെ പ്രവചനത്തേക്കാള്‍ താഴേക്ക് പണപ്പെരുപ്പ നിരക്ക് എത്തിച്ചേരുകയായിരുന്നു. ആഗസ്റ്റ് മാസം കൂടി പണപ്പെരുപ്പ നിരക്ക് ഏഴ് ശതമാനത്തിന് മുകളില്‍ തന്നെ തുടരുമെന്നായിരുന്നു സാമ്പത്തിക നിരീക്ഷകരുടെ പ്രവചനം. (Retail inflation eases more than expected to 6.83% in August)

ഭക്ഷ്യവിലക്കയറ്റം കുറഞ്ഞതാണ് പണപ്പെരുപ്പ നിരക്ക് കുറഞ്ഞതിന്റെ പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നത്. ജൂലൈ മാസത്തില്‍ ഭക്ഷ്യവിലക്കയറ്റം 11.51 ശതമാനമായിരുന്നെങ്കില്‍ ആഗസ്റ്റ് മാസത്തില്‍ ഇത് 9.94 ശതമാനമായി കുറഞ്ഞു. പച്ചക്കറി വിലക്കയറ്റം 37.4 ശതമാനത്തില്‍ നിന്ന് 26.3 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. കേരളത്തിലും റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് താഴ്ന്നിട്ടുണ്ട്. ജൂലൈ മാസത്തിലെ 6.43 ശതമാനത്തില്‍ നിന്നും കേരളത്തിലെ പണപ്പെരുപ്പം ഓഗസ്റ്റ് മാസമായപ്പോള്‍ 6.40 ശതമാനത്തിലേക്ക് താഴ്ന്നു.

പ്രവചനത്തേക്കാള്‍ പണപ്പെരുപ്പ നിരക്ക് കുറഞ്ഞ് തന്നെയാണെങ്കിലും ഇത് തുടര്‍ച്ചയായി രണ്ടാം മാസമാണ് പണപ്പെരുപ്പ നിരക്ക് രണ്ട് മുതല്‍ ആറ് ശതമാനം വരെ എന്ന ആര്‍ബിഐയുടെ ടോളറന്‍സ് പരിധിയ്ക്ക് മുകളിലാകുന്നത്. തുടര്‍ച്ചയായി നാലാം മാസമാണ് ആര്‍ബിഐയുടെ മീഡിയം ടേം ടാര്‍ജെറ്റ് പരിധിയായ നാല് ശതമാനത്തിന് മുകളില്‍ പണപ്പെരുപ്പ നിരക്ക് എത്തുന്നത്.