റിപ്പോ നിരക്കുകൾ 50 ബേസ് പോയിന്റ് ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതോടെ റിപ്പോ നിരക്ക് 5.9% ആയി വർധിച്ചു. ( repo rate increased emi will increase )
കഴിഞ്ഞ മൂന്ന് മാസത്തിനിടെ റിപ്പോ നിരക്കിലുണ്ടായ നാലാമത്തെ വർധനയാണ് ഇത്. അവസാനമായി ഓഗസ്റ്റ് 5 നാണ് 5.4% ആയിരുന്ന റിപ്പോ നിരക്ക് 50 ബേസ് പോയിന്റ് ഉയർത്തിയത്.
എല്ലാ ഫ്‌ളോട്ടിംഗ് റേറ്റ് റീടെയിൽ ലോണുകളും റിപ്പോ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ റിപ്പോ നിരക്കിൽ വരുന്ന മാറ്റം ഹോം ലോൺ, കാർ ലോൺ എന്നിവയിലും പ്രതിഫലിക്കും. റിപ്പോ നിരക്ക് കൂടുന്നതോടെ ഉപഭോക്താവ് അടയ്‌ക്കേണ്ടി വരുന്ന ഇഎംഐയും വർധിക്കും.
ഉദാഹരണത്തിന് 8.12 ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപ 20 വർഷ കാലത്തേക്ക് ഭവന വായ്പയെടുത്ത ഒരു വ്യക്തി, നിരക്ക് 8.62 ആയതോടെ അധികം രൂപ അടയ്‌ക്കേണ്ടി വരും. 42,196 രൂപ ഇഎംഐ അടച്ചിരുന്ന ഈ വ്യക്തി ഇനി മുതൽ 43,771 രൂപ അടയ്‌ക്കേണ്ടി വരും.
10 ലക്ഷം രൂപ കാർ ലോൺ എടുത്ത വ്യക്തി 5 വർഷത്തേക്ക് അടയ്‌ക്കേണ്ട ഇഎംഐ 20,516 രൂപയായിരുന്നെങ്കിൽ ഇനി 20,758 രൂപ അടയ്ക്കണം.