Business

നിബന്ധനകൾ ലംഘിച്ചു; പേടിഎമിനെ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു

പ്രമുഖ പണക്കൈമാറ്റ സേവനമായ പേടിഎമ്മിൻ്റെ ആൻഡ്രോയ്ഡ് ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. ചൂതാട്ടവുമായി ബന്ധപ്പെട്ട ഗൂഗിളിൻ്റെ നിബന്ധനകൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. താത്കാലികമായി മാത്രമാണ് ആപ്പ് നീക്കം ചെയ്തതെന്നും ഉടൻ തിരികെ വരുമെന്നും പേടിഎം അറിയിച്ചു.

ഇന്ത്യൻ പ്രീമിയർ ലീഗിനു മുന്നോടിയായി പേടിഎം ഫസ്റ്റ് ഗെയിംസ് എന്ന പേരിൽ ഫാൻ്റസി ക്രിക്കറ്റ് ആരംഭിച്ചതിനു പിന്നാലെയാണ് ഗൂഗിളിൻ്റെ നടപടി. തങ്ങൾ ചൂതാട്ടം അനുവദിക്കില്ലെന്ന് ഗൂഗിൾ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ‘ഞങ്ങൾ ഓൺലൈൻ കാസിനോകൾക്ക് അനുമതി നൽകുകയോ സ്പോർട്സ് വാതുവെപ്പ് സുഗമമാക്കുന്ന അനിയന്ത്രിതമായ ചൂതാട്ട ആപ്ലിക്കേഷനുകളെ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. പണമോ മറ്റു സമ്മാനങ്ങളോ നേടാൻ പണം മുടക്കി പങ്കെടുക്കുന്ന ടൂർണമെന്റുകളിൽ ഭാഗമാവാൻ അനുവദിക്കുന്ന ബാഹ്യ വെബ്‌സൈറ്റിലേക്ക് ഒരു ആപ്ലിക്കേഷൻ ഉപഭോക്താക്കളെ നയിക്കുന്നുവെങ്കിൽ അത് ഞങ്ങളുടെ നയങ്ങളുടെ ലംഘനമാണ്.’- ഗൂഗിളിൻ്റെ ബ്ലോഗിൽ പറയുന്നു.

ഗൂഗിളിൻ്റെ നടപടിക്ക് പിന്നാലെ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ പേടിഎം വിശദീകരണവുമായി എത്തി. താത്കാലിമായി പേടിഎം ഗൂഗിൾ പേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഞങ്ങൾ ഉടൻ തിരികെ വരും. എല്ലാവരുടെയും പണം സുരക്ഷിതമാണ്. പതിവു പോലെ നിങ്ങൾക്ക് ആപ്പ് ഉപയോഗിക്കാം.