ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്ക് 10.5 ശതമാനം ഇടിയുമെന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ ഫിച്ച്. നടപ്പു സാമ്പത്തിക വർഷത്തിൽ അഞ്ച് ശതമാനം ഇടിവുണ്ടാകുമെന്നാണ് ഫിച്ച് നേരത്തെ കണക്കുകൂട്ടിയിരുന്നത്. ഇത് തിരുത്തിയാണ് പുതിയ പ്രവചനം. അതേ സമയം, ജിഡിപിയിൽ 14.8 ശതമാനം ഇടിവുണ്ടാവുമെന്നാണ് ഗോൾഡ്മാൻ സാക്സിൻ്റെ പ്രവചനം.
കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയുടെ ജിഡിപി കൂപ്പുകുത്തുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്തെ ജിഡിപി വളർച്ചാനിരക്കിൽ 23.9 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇത് റെക്കോർഡ് ആയിരുന്നു. തൊട്ടു മുൻപുള്ള വർഷം ഈ സമയത്ത് 3.1 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു.
കാർഷിക മേഖല മാത്രമാണ് ഇക്കാലയളവിൽ പിടിച്ചു നിന്നത്. ഉത്പാദന, നിര്‍മ്മാണ മേഖലയിലാണ് ഏറ്റവുമധികം ഇടിവ് രേഖപ്പെടുത്തിയത്.
രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജിഡിപി ഇടിവിനെ കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്ന് ഫിച്ച് പറയുന്നു.
അതേ സമയം, അടുത്ത സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച തിരിച്ചു പിടിക്കുമെന്ന് ഗോൾഡ്മാൻ സാക്സ് പറയുന്നു. നഷ്ടമായതിൽ 70 ശതമാനം വീണ്ടെടുക്കുമെന്നും ഗോൾഡ്മാൻ സാക്സ് പറയുന്നു.