Business International

ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ അമേരിക്കയിലും കാനഡയിലും വില്‍പന നിര്‍ത്തുന്നു

അമേരിക്കയിലും കാനഡയിലും ബേബി പൗഡർ വിൽക്കുന്നത് നിർത്തുകയാണെന്ന് ജോൺസൺ ആന്‍റ് ജോൺസൺ. നോര്‍ത്ത് അമേരിക്കയില്‍ ബേബി പൌഡര്‍ ആവശ്യമുള്ളവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും അതുകൊണ്ടാണ് വില്‍പന നിര്‍ത്തുന്നതെന്നുമാണ് കമ്പനിയുടെ വിശദീകരണം. പൌഡറിന്‍റെ സുരക്ഷയെ കുറിച്ച് തെറ്റായ വിവരങ്ങളാണ് സമൂഹത്തില്‍ പരക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.

ജോണ്‍സണ്‍ ആന്‍റ് ജോൺസൺ ബേബി പൗഡറില്‍ കാന്‍സറിന് കാരണമാവുന്ന രാസവസ്തുക്കളുണ്ടെന്ന് ആരോപണമുണ്ട്. പല കോടതികളിലായി 16000 കേസുകളാണുള്ളത്. കാന്‍സറിന് കാരണാവുന്ന മാരകമായ ആസ്ബസ്‌റ്റോസുണ്ടെന്നാണ് പരാതി. കോടിക്കണക്കിന് രൂപ ഇതിനകം കമ്പനിക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടിയും വന്നിട്ടുണ്ട്. 1980 മുതലാണ് പ്രധാനമായും ജെ ആന്‍റ് ജെ ഉത്പന്നങ്ങള്‍ക്കെതിരെ പരാതി ഉയര്‍ന്നുതുടങ്ങിയത്.

വ്യാപകമായ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 33000 ബോട്ടില്‍ ബേബി പൗഡര്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു. ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ പൗഡറില്‍ യു.എസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കാന്‍സറിന് കാരണാവുന്ന മാരക വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ജോണ്‍സണ്‍ ആന്‍റ് ജോണ്‍സന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഉല്‍പന്നം തിരിച്ചുവിളിക്കുന്ന സാഹചര്യം ഉണ്ടായത്.

എന്നാൽ ഉൽപന്നത്തിന്റെ ഗുണനിലവാരത്തിലും സുരക്ഷയിലും ആത്മവിശ്വാസമുണ്ടെന്നും കോടതിയില്‍ തെളിയിക്കുമെന്നും ജെ ആന്‍റ് ജെ അവകാശപ്പെടുന്നു. അതേസമയം മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തിൽ ജോൺസൻ ആന്‍റ് ജോൺസന്റെ പല രേഖകളിലും ടാൽക്കം ഉൽ‌പന്നങ്ങളെക്കുറിച്ച് ആശങ്കാകുലരാണെന്ന് കമ്പനി എക്സിക്യൂട്ടീവുകൾ തന്നെ വെളിപ്പെടുത്തിയെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.