യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളുടെ സമ്പദ് രംഗവും സമ്മര്‍ദം നേരിടുന്നുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ്‌രംഗം പിടിച്ചുനിന്നതായി റിസര്‍വ് ബാങ്ക്. ആഗോളതലത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ് രംഗം സ്ഥിരതയോടെ നേട്ടമുണ്ടാക്കിയെന്ന് ആര്‍ ബി ഐ പ്രസ്താവിച്ചു. കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച സമ്മര്‍ദത്തേയും യുദ്ധം സൃഷ്ടിച്ച പ്രതിസന്ധിയേയും വിലക്കയറ്റവും എണ്ണവില വര്‍ധനയും സൃഷ്ടിച്ച തടസങ്ങളേയും മറികടക്കാന്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് സാധിച്ചെന്നാണ് ആര്‍ബിഐ ബുള്ളറ്റിന്‍ വ്യക്തമാക്കിയിരിക്കുന്നത്.
കൊവിഡ് മൂന്നാം തരംഗത്തെ കാര്യക്ഷമമായി മറികടക്കാന്‍ സാധിച്ചെന്നും റിസര്‍വ് ബാങ്ക് ബുള്ളറ്റിനിലുണ്ട്. പല രാജ്യങ്ങളും പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് സാമ്പത്തിക ഭദ്രത തകരുമെന്ന ഭീഷണിയിലായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ പിടിച്ചുനില്‍ക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.
കൊവിഡ് വ്യവസായരംഗത്തില്‍ സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. വ്യവസായശാലകള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കും സിനിമാശാലകള്‍ക്കും പഴയതുപോലെ പ്രവര്‍ത്തിക്കാന്‍ ഒരു പരിധിവരെ സാധിക്കുന്നുണ്ട്. മാക്രോ എക്കണോമിക് രംഗം കൊവിഡ് പൂര്‍വഘട്ടത്തിലേതിന് സമാനമായ കുതിപ്പ് വീണ്ടെടുത്തുന്നുവെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.