വ്യാവസായിക ഉത്പാദന വളര്‍ച്ചയില്‍ കുത്തനെ കുറവ്. രാജ്യത്തെ വ്യവസായിക ഉത്പാദന വളര്‍ച്ച 2022 ഡിസംബറില്‍ 4.3 ശതമാനമായി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. നവംബറില്‍ ഉത്പാദന വളര്‍ച്ചാ നിരക്ക് 7.3 ശതമാനമായിരുന്നു. സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒമ്പത് മാസങ്ങളില്‍ വ്യവസായിക ഉത്പാദന സൂചിക വളര്‍ച്ച 5.4 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം 15.3 ശതമാനമായിരുന്ന നിരക്കാണ് ഈ വിധം ഇടിഞ്ഞത്.
ഫാക്ടറി ഉത്പാദന വളര്‍ച്ച 2021 ഡിസംബറിലെ ഒരു ശതമാനത്തില്‍ തന്നെ തുടരുകയാണ്. ഉത്പാദന മേഖലയുടെ വളര്‍ച്ച 2021 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022 ഡിസംബറില്‍ 2.6 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഖനന ഉത്പാദനം മുന്‍വര്‍ഷത്തേക്കാള്‍ 9.8 ശതമാനം വര്‍ധിച്ചു. വൈദ്യുതി ഉത്പാദനം 10.4 ശതമാനം കൂടി.
അതേസമയം മൂലധന ചരക്ക് മേഖലയിലെ വളര്‍ച്ചാ നിരക്ക് 7.6 ശതമാനമാണ്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉപഭോക്തൃ ഉല്‍പന്ന ഉത്പാദനം 10.4 ശതമാനമായി കുറഞ്ഞു. ഉപഭോക്തൃ ഉല്‍പന്നമല്ലാത്ത ചരക്ക് ഉത്പാദനം 7.2 ശതമാനം വര്‍ധിച്ചു.