Business

റിസർവ് ബാങ്കിൽ അക്കൗണ്ട് ആരംഭിക്കാം; ഇത് മികച്ച നിക്ഷേപം

റിസർവ് ബാങ്കിൽ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുമോ ? ഇല്ല എന്നായിരുന്നു കഴിഞ്ഞ വർഷം വരെയുള്ള ഉത്തരം. എന്നാൽ 2021 നവംബറോടെ ആർബിഐയിൽ സാധാരണക്കാരനും അക്കൗണ്ട് ആരംഭിക്കാമെന്ന പുതിയ മാറ്റം അവതരിപ്പിച്ചു. റിട്ടെയിൽ ​ഗിൽറ്റ് അക്കൗണ്ടാണ് ആരംഭിക്കാൻ സാധിക്കുന്നത്. സർക്കാർ ബോണ്ടുകളിലും ട്രഷറി ബില്ലുകളിലും നേരിട്ട് നിക്ഷേപിക്കാൻ സാധിക്കുന്ന അക്കൗണ്ടാണ് ഇത്.

എങ്ങനെ അക്കൗണ്ട് ആരംഭിക്കും ?

ആദ്യം https://rbiretaildirect.in/#/rdg-account-registration – ഈ ലിങ്കിൽ പോകണം.

അക്കൗണ്ട് ഉടമയുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ട മൊബൈൽ നമ്പർ, യുപിഐ അല്ലെങ്കിൽ നെറ്റ് ബാങ്കിം​ഗ് സംവിധാനമുള്ള സേവിം​ഗ്സ് അക്കൗണ്ട്, ഒപ്പിന്റെ സ്കാൻ ചെയ്ത ചിത്രം, പാൻ കാർഡ് എന്നിവ കൈയിൽ കരുതണം.

ശേഷം ഫോമിൽ പറഞ്ഞിരിക്കുന്നത് പോലെ ജോയിന്റ് അക്കൗണ്ട് ആണോ സിം​ഗിൾ അക്കൗണ്ട് ആണോ എന്ന് രേഖപ്പെടുത്തി പേര്, പാൻ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം.

നിക്ഷേപം എങ്ങനെ ?

ആദ്യം ബോണ്ട് എന്താണെന്ന് പറയാം. സർക്കാരിന്റെ ആവശ്യം നിറവേറ്റാൻ ബാങ്ക് വായ്പകളിലേക്ക് പോകാതെ പണം സമാഹരിക്കാനാണ് സർക്കാർ ബോണ്ടുകൾ ഇറക്കുന്നത്. പണം കൊടുക്കുന്നതിന് തിരികെ നിക്ഷേപകന് നൽകുന്ന സർട്ടിഫിക്കറ്റാണ് ബോണ്ട്. ഹ്രസ്വ കാലയളവിലുള്ളവയെ ട്രഷറി ബില്ലുകളെന്നും ഒരു വര്‍ഷത്തിനു മുകളിൽ കാലാവധിയുള്ളവയെ സർക്കാർ ബോണ്ടുകളെന്നുമാണ് പറയുന്നത്. ബോണ്ടുകളിലെ പലിശ നിരക്കിനെ കൂപ്പൺ റേറ്റ് എന്നാണ് പറയുന്നത്.

ഒരു വർഷത്തെ ട്രഷറി ബില്ലിന് 6.28 ശതമാനമാണ് പലിശ നിരക്ക്. ബാങ്കുകളിൽ 5.3 ശതമാനം മാത്രമാണ് നൽകുന്നത്. നാല് വർഷം മുതൽ കാലാവധിയുള്ള ബോണ്ടുകളിൽ 7.18 ശതമാനം വരെ ആദായം ലഭിക്കും. ബാങ്കുകൾ ഏറ്റവും കൂടിയത് 6 ശതമാനത്തോളം പലിശ നിരക്കേ ലഭിക്കുകയുള്ളു.

അതുകൊണ്ട് തന്നെ സുരക്ഷിത നിക്ഷേപം ലക്ഷ്യമിടുന്നവർക്ക് മികച്ച ഒരു മാർ​ഗമാണ് റിട്ടെയിൽ ​ഗിൽറ്റ് അക്കൗണ്ട്.