ഇന്ത്യയിലെ ഇരു ചക്രവാഹന വിപണിയിലെ ഭീമന്മാരായ ഹീറോ മോട്ടോർ കോർപും അമേരിക്കൻ വാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്സണും കൈകോർത്ത് ഇന്ത്യൻ വിപണിയിൽ ആദ്യ ബൈക്ക് പുറത്തിറക്കുന്നു. 400 സിസി സിംഗിൾ സിലിണ്ടർ ഉപയോഗിക്കുന്ന ബൈക്ക് കുറഞ്ഞ പവറിൽ കൂടുതൽ ടോർക്ക് നൽകുന്നതായിരിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. ഈ വർഷം ദീപാവലിയോടെ ബൈക്ക് വിപണിയിൽ ഇറക്കുന്നതിനാണ് നീക്കം.
ഹാർലിയുടെ തന്നെ XR1200 എന്ന മോഡലിൽ നിന്ന് പ്രചോദനം ഉൾകൊണ്ടുള്ള രൂപകല്പനയാണ് പേര് പുറത്ത് വിടാത്ത ഈ ബൈക്കിന്റെയും. ലഭ്യമായ ചിത്രങ്ങളിൽ നിന്ന്, സീറ്റിലേക്ക് ഒഴുകി ഇറങ്ങുന്ന ഇന്ധന ടാങ്കോടുകൂടിയ രൂപകൽപ്പന ബൈക്കിന് കൂടുതൽ വലുപ്പം തോന്നിപ്പിക്കുന്നുണ്ട്. ടെലിസ്‌കോപ്പിക് ഫോർക്കിന് പകരം പുതിയ USD ഫോർക്ക് ഉപയോഗിക്കുന്ന ബൈക്കിന്റെ പുറകുവശം പക്ഷെ പഴയ മട്ടിലാണ്.
ബൈക്കിന്റെ മുൻ ടയറിലും പിൻ ടയറിലും ഡിസ്‌ക് ബ്രേക്കുകളും ഡ്യുവൽ-ചാനൽ എബിഎസും ലഭ്യമാക്കിയിട്ടുണ്ട്. ബൈക്കിൽ ഡിജിറ്റൽ ഡിസ്പ്ലേ ഉണ്ടെകിലും അത് ഒരു LCD യൂണിറ്റാണോ അല്ലെങ്കിൽ TFT യൂണിറ്റാണോ എന്നത് വ്യക്തമല്ല. റോയൽ എൻഫീൽഡ് 350 (ക്ലാസിക്, മെറ്റിയർ, ഹണ്ടർ, ബുള്ളറ്റ്), ഹോണ്ട എച്ച്നെസ് 350, പുറത്തിറങ്ങാനിരിക്കുന്ന ബജാജ് ട്രയംഫ് 350 സിസി എന്നിവയോടാണ് ഈ ഹീറോ-ഹാർലി ബൈക്ക് വിപണിയിൽ മത്സരിക്കുക.
അമേരിക്കയിലെ മിൽവാക്കിയിലെ കമ്പനി ആസ്ഥാനത്താണ് ഈ ബൈക്ക് ഹാർലി ഡേവിഡ്സൺ ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാൽ ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായി മാറ്റങ്ങൾ വരുത്തുവാൻ ഇന്ത്യയിൽ ഹീറോ മോട്ടോകോർപ്പ് അതിന്റെ ടെസ്റ്റിംഗും ഡെവെലപ്മെന്റും നടത്തി. ഇന്ത്യൻ വിപണിയിൽ ഈ ബൈക്കിന് 2.5 ലക്ഷം രൂപയിൽ താഴെയായിരിക്കും വിലയെന്ന് റിപ്പോർട്ടുകളുണ്ട്.