സ്വർണാഭരണങ്ങൾക്ക് എച്ച്‌യുഐഡി ഹാൾമാർക്ക് പതിപ്പിക്കുന്നതിന് സമയം നീട്ടി നൽകി ഹൈക്കോടതി. മൂന്ന് മാസത്തേക്ക് കൂടിയാണ് സമയം അനുവദിച്ചത്. ബി.ഐ.എസ് സമർപ്പിച്ച ഉത്തരവ് അംഗീകരിച്ചാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്.
യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ പതിക്കാത്ത സ്വർണാഭരണങ്ങൾ വിൽക്കാൻ കേന്ദ്രം അനുവദിച്ച രണ്ട് വർഷത്തെ സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതിവിധി. ഏറ്റവും അധികം ഹാൾമാർക്കിങ് സെന്ററുകൾ ഉള്ള സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിലെ വ്യാപാരികളുടെ പക്കൽ പഴയ ഗുണമേന്മമുദ്രയുള്ള ലക്ഷക്കണക്കിന് ആഭരണങ്ങൾ ഇപ്പോഴും സ്റ്റോക്കുണ്ട്. ഇവയിലുള്ള മുദ്ര മായ്ച്ചു കളഞ്ഞ് എച്ച്‌യുഐഡി പതിപ്പിക്കുമ്പോൾ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും വ്യാപാരികൾ പറയുന്നു. പഴയ ഹാൾമാർക്കിനൊപ്പം എച്ച്‌യുഐഡി കൂടി പതിപ്പിച്ച് വിൽക്കാനാകുമോയെന്ന് കേന്ദ്രത്തോട് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. സ്വർണാഭരണങ്ങളിൽ എച്ച്‌യുഐഡി ഹാൾമാർക്ക് പതിപ്പിക്കാൻ കൂടുതൽ സമയം വേണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം.
തുടർന്ന് ഓൾകേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി, ഹാൾമാർക്ക് പതിപ്പിക്കുന്നതിന് മൂന്ന് മാസത്തേക്ക് കൂടി സമയം നൽകിയത് സംബന്ധിച്ച ഉത്തരവ് ബി.ഐ.എസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. സമയം നീട്ടി നൽകിയ ഉത്തരവ് അംഗീകരിച്ച കോടതി ഇതുമായി ബന്ധപ്പെട്ട ഹർജി തീർപ്പാക്കി.