Business

പൊതുമേഖല കമ്പനി ആസ്തിയുടെ വിപണി മൂല്യം പ്രഖ്യാപിക്കും; നിക്ഷേപകരെ ആകര്‍ഷിക്കാനെന്ന് വിശദീകരണം

കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല കമ്പനികളുടെ ആസ്തിയുടെ വിപണി മൂല്യം പ്രഖ്യാപിക്കാന്‍ നീക്കം. ഭൂമിയുടേയും മറ്റ് റിയല്‍ എസ്റ്റേറ്റ് ആസ്തികളുടേയും വിവരങ്ങള്‍ അറിയിക്കാന്‍ കേന്ദ്രം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാലന്‍സ് ഷീറ്റില്‍ വര്‍ഷങ്ങളായി ആസ്തിമൂല്യം കുറഞ്ഞ് രേഖപ്പെടുത്തിയിരിക്കുന്ന ഇത്തരം കമ്പനികളെ സ്വകാര്യ സ്ഥാപനങ്ങളുടെ ആസ്തിമൂല്യത്തിനൊപ്പം ഉയര്‍ത്തുകയാണ് ലക്ഷ്യം.

ബാലന്‍സ് ഷീറ്റിലേക്ക് റിയല്‍ എസ്‌റ്റേറ്റ് ആസ്തികളുടെ ഇപ്പോഴത്തെ വിപണി മൂല്യം രേഖപ്പെടുത്തുന്നതോടെ കൂടുതല്‍ നിക്ഷേപകരേയും ആകര്‍ഷിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ ആസ്തി മൂല്യം ഉയരുന്നതോടെ ഓഹരി വിലയിലും നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഇത്തരം കമ്പനികള്‍ക്ക് വിപണിയില്‍ ആത്മവിശ്വാസം ഉറപ്പുവരുത്തുന്നതിനായി ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു നീക്കമെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു. കമ്പനികളുടെ ആസ്തി മൂല്യം ഉയരുമ്പോള്‍ ചെറുകിട-വന്‍കിട നിക്ഷേപകരെ കമ്പനിയിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.