ഓണ്‍ലൈനില്‍ പരസ്യം നല്‍കുന്നവര്‍ക്ക് ആരായിരിക്കണം തങ്ങളുടെ പരസ്യം കാണുന്നതെന്ന് തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. ഇത് ദുരുപയോഗം ചെയ്യുന്ന ഗാര്‍ഹിക, തൊഴില്‍ പരസ്യങ്ങള്‍ ഒഴിവാക്കുന്നതിന് പുതുക്കിയ നയം പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിള്‍. സ്ഥലത്തെകുറിക്കുന്ന പോസ്റ്റല്‍ കോഡ്, ലിംഗം, പ്രായം, മാതാപിതാക്കളുടെ വിവരങ്ങള്‍, വിവാഹം കഴിഞ്ഞതാണോ എന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പരസ്യം കാണേണ്ടവരെ തെരഞ്ഞെടുക്കാനാവില്ലെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്.
അമേരിക്കയിലും കാനഡയിലും ഈ വര്‍ഷം അവസാനത്തോടെ തന്നെ പരസ്യങ്ങളില്‍ പുതിയ നയം ഏര്‍പ്പെടുത്താനാണ് ഗൂഗിളിന്റെ തീരുമാനം. അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൗസിംഗ് ആന്റ് അര്‍ബന്‍ ഡെവലപ്‌മെന്റ് ഒരു വര്‍ഷം മുമ്പ് തന്നെ വിവേചനപരമായ ഗാര്‍ഹിക പരസ്യങ്ങള്‍ നല്‍കിയെന്ന കുറ്റത്തിന് ഫേസ്ബുക്കിനെതിരെ നടപടിയെടുത്തിരുന്നു. അപ്പോള്‍തന്നെ ഗൂഗിളിന്റേയും ട്വിറ്ററിന്റേയും നയങ്ങളിലും അമേരിക്കന്‍ ഹൗസിംഗ് ഡിപ്പാര്‍ട്ട്‌മെന്റ്(എച്ച്.യു.ഡി) ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ഇന്റര്‍നെറ്റ് പരസ്യങ്ങളില്‍ പകുതിയിലേറെയും ഗൂഗിളിനും ഫേസ്ബുക്കിനും സ്വന്തമാണ്. അതുകൊണ്ടുതന്നെ ഈ സ്ഥാപനങ്ങള്‍ വരുത്തുന്ന നയപരമായ മാറ്റങ്ങള്‍ ഇന്റര്‍നെറ്റിലാകെ പ്രതിഫലിക്കുമെന്നാണ് കരുതപ്പെടുന്നത്. ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ നടക്കുന്ന വംശീയവിദ്വേഷത്തിനെതിരായ മുന്നേറ്റത്തെ തുടര്‍ന്നല്ല ഈ നയം മാറ്റമെന്ന് ഗൂഗിള്‍ വിശദീകരിക്കുന്നു.
കഴിഞ്ഞവര്‍ഷം മുതല്‍ എച്ച്.യു.ഡി നിര്‍ദ്ദേശത്തിനനുസരിച്ച് പരസ്യങ്ങളില്‍ നയം മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നെന്നാണ് ഗൂഗിള്‍ വക്താവ് വിശദീകരിക്കുന്നത്. ഗൂഗിളിന്റെ നയംമാറ്റത്തെ സ്വാഗതം ചെയ്ത എച്ച്.യു.ഡി മറ്റ് ഇന്റര്‍നെറ്റ് പരസ്യദാതാക്കളും ഇത് പിന്തുടരമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. മതം, വംശം, വര്‍ഗ്ഗം എന്നിവ വഴി ഉപഭോക്താക്കളെ തെരഞ്ഞെടുക്കുന്ന പരസ്യങ്ങള്‍ക്ക് നേരത്തെ തന്നെ നിയന്ത്രണം വന്നിട്ടുണ്ടെങ്കിലും മറ്റു പല മാര്‍ഗ്ഗങ്ങളിലൂടെയും വിവേചനം തുടരുന്നുവെന്ന് ആരോപണങ്ങളുണ്ടായിരുന്നു.
പോസ്റ്റല്‍ കോഡുകള്‍ ഉപയോഗിച്ച് പ്രദേശം സാമ്പത്തികമായി മെച്ചപ്പെട്ടതാണോ ചില പ്രത്യേക വിഭാഗക്കാര്‍ കൂടുതലായി താമസിക്കുന്നതാണോ തുടങ്ങിയ വിവരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ചില പ്രത്യേക പോസ്റ്റല്‍ കോഡുകളിലുള്ളവര്‍ പരസ്യം കാണേണ്ടതില്ല എന്ന തീരുമാനത്തിലൂടെ ഈ വിവേചനം നടക്കുന്നുവെന്നായിരുന്നു ഒരു ആക്ഷേപം. ആരാണ് പരസ്യം കാണേണ്ടതെന്ന് തീരുമാനിക്കാന്‍ പോസ്റ്റല്‍ കോഡുകളും പ്രായവും ലിംഗവും ഉപയോഗിക്കുന്നത് കഴിഞ്ഞ വര്‍ഷം തന്നെ ഫേസ്ബുക്ക് നിര്‍ത്തലാക്കിയിരുന്നു.