അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പാളിയതോടെ തെറ്റായ ധാരണ പ്രചരിപ്പിക്കുന്ന പരസ്യം പിന്‍വലിച്ച് മാപ്പുപറഞ്ഞ് ഫ്‌ലിപ്പ് കാര്‍ട്ട്. വനിതാ ദിനത്തില്‍ കിച്ചന്‍ അപ്ലയന്‍സസിന് ഓഫര്‍ നല്‍കിക്കൊണ്ടുള്ള മാര്‍ക്കറ്റിംഗ് തന്ത്രമാണ് പാളിയത്. സ്ത്രീകള്‍ അടുക്കളയിലെ ജോലികള്‍ ചെയ്യേണ്ടവരാണെന്ന തെറ്റായ പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്ന തരത്തിലായിരുന്നു ഫ്‌ലിപ്പ് കാര്‍ട്ട് പരസ്യം നല്‍കിയിരുന്നത്. ഈ വനിതാ ദിനത്തില്‍ സ്ത്രീത്വത്തെ ആഘോഷിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ഫ്‌ലിപ്പ് കാര്‍ട്ട് അടുക്കള ഉപകരണങ്ങള്‍ക്കുള്ള ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയായിരുന്നു.
സമത്വത്തിനായുള്ള സ്ത്രീകളുടെ പോരാട്ടങ്ങളെ റദ്ദുചെയ്യുന്ന വിധത്തിലുള്ള പരസ്യമാണ് ഫ്‌ലിപ്പ് കാര്‍ട്ടിന്റേതെന്നായിരുന്നു പ്രധാന ആരോപണം. ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നതിലെ പ്രശ്‌നം എന്തെന്ന് പോലും മനസിലാക്കാന്‍ ഫ്‌ലിപ്പ് കാര്‍ട്ടിന് കഴിയാത്തതിനെ പലരും സോഷ്യല്‍ മീഡിയയിലൂടെ അപലപിച്ചിരുന്നു.
മാര്‍ക്കറ്റിംഗ് തന്ത്രം വിവാദം ക്ഷണിച്ചുവരുത്തിയതോടെ ഫ്‌ലിപ്പ് കാര്‍ട്ട് ഖേദ പ്രകടനവുമായി രംഗത്തെത്തി. ഫ്‌ലിപ്പ് കാര്‍ട്ടിന്റെ വനിതാ ദിന സന്ദേശത്തിലെ തെറ്റ് ബോധ്യപ്പെട്ടെന്നും അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും ഫ്‌ലിപ്പ് കാര്‍ട്ട് ട്വിറ്ററില്‍ കുറിച്ചു. ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഫ്‌ലിപ്പ് കാര്‍ട്ട് ട്വിറ്ററിലൂടെ അറിയിച്ചു.