Business

18ആം ദിവസവും ഡീസല്‍ വില കൂട്ടി, പെട്രോള്‍ വിലയില്‍ മാറ്റമില്ല

18 ദിവസം കൊണ്ട് ഡീസലിന് കൂടിയത് 10 രൂപയിലധികമാണ്.

18ആം ദിവസവും ഡീസല്‍ വില കൂട്ടി.‌ ലിറ്ററിന് 45 പൈസയാണ് കൂട്ടിയത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. 18 ദിവസം കൊണ്ട് ഡീസലിന് കൂടിയത് 10 രൂപയിലധികമാണ്. രാജ്യത്തെ മിക്ക നഗരങ്ങളിലും പെട്രോള്‍ വിലയാകട്ടെ 80 കടന്നു.

കേന്ദ്ര സര്‍ക്കാരിന്‍റെ ഓഹരി വില്‍പ്പന ആകര്‍ഷകമാക്കാനാണ് കേന്ദ്രം എണ്ണക്കമ്പനികളെ കയറൂരി വിട്ടിരിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. പൊതുമേഖലാ എണ്ണക്കമ്പനികളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന് മുന്നോടിയാണിതെന്നും അദ്ദേഹം ആരോപിച്ചു.

ജൂൺ 7 മുതലാണ്​ രാജ്യത്ത് ഇന്ധന വില വർധിപ്പിക്കാൻ തുടങ്ങിയത്​. ലോക്ക്ഡൌണും കോവിഡും കാരണം വലഞ്ഞ ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമാണ് ഇന്ധന വിലവര്‍ധന. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഇടിയുമ്പോഴും എണ്ണ കമ്പനികള്‍ ഇന്ധന വിലകൂട്ടി ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കൂട്ടിയതാണ് വിലവര്‍ധനവിന് എണ്ണകമ്പനികള്‍ പറയുന്ന ന്യായം. ഈ മാസം മുപ്പതാം തിയ്യതി വരെ വില വര്‍ധനവ് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.