യുഎന്നിന് വേണ്ടി പ്രത്യേക ലാന്‍ഡ് ക്രൂസര്‍ രൂപകല്‍പന ചെയ്ത് ടൊയോട്ട. ലാന്‍ഡ് ക്രൂസര്‍ ജിഡിജെ 76 എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക വാഹനം യുഎന്നുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതാണ്. നേരത്തെ എല്‍സി 200, എല്‍സി 300 എന്നീ ലാന്‍ഡ് ക്രൂസര്‍ എസ്‌യുവി യുഎന്‍ ഉപയോഗിച്ചുവരുന്നുണ്ട്. അടുത്തിടെ ടൊയോട്ട തന്നെ പുറത്തിറക്കിയ ലാന്‍ഡ് ക്രൂസര്‍ 70 SUVയെ അടിസ്ഥാനമാക്കിയാണ് ജിഡിജെ76 നിര്‍മ്മിച്ചിരിക്കുന്നത്.
ലാന്‍ഡ് ക്രൂസര്‍ HZJ76ന് പകരക്കാരനായാണ് ജിഡിജെ76ന്റെ വരവ്. പുതിയ മോഡലിന് 30 ശതമാനം അധികം ഇന്ധനക്ഷമതയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. പരമ്പരാഗതമായ ലാഡര്‍ ഫ്രെയിം അടിസ്ഥാനമാക്കിയുള്ള SUVയാണ് ജിഡിജെ76. ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം പോലുള്ളവ ഈ മോഡലില്‍ നല്‍കുന്നില്ല. ഫോര്‍ വീല്‍ ഡ്രൈവുള്ള വാഹനത്തില്‍ സ്റ്റീല്‍ വീലുകളാണ് നല്‍കിയിരിക്കുന്നത്.
2.8 ലീറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് നല്‍കിയിട്ടുള്ളത്. 201 എച്ച്പി കരുത്തു പുറത്തെടുക്കുന്ന എന്‍ജിനുമായി 6 സ്പീഡ് ഓട്ടോമാറ്റിക് സംവിധാനമാണ് ബന്ധിപ്പിച്ചിരിക്കുന്നത്. പ്രത്യേകം രൂപകല്‍പന ചെയ്ത കാബിനുകള്‍ അടക്കമുള്ളവയുള്ള ഏജന്‍സികളുടെ ആവശ്യത്തിന് അനുസരിച്ച് നിര്‍മിച്ചു നല്‍കും.