Auto

ടെസ്ല എത്തുന്നൂ ഇന്ത്യയിലേക്ക്; ഫാക്ടറി നിര്‍മ്മിക്കാന്‍ മസ്‌ക്

ഇലക്ട്രിക് വാഹനരംഗത്ത് വലിയ മാറ്റവും തരംഗവും സൃഷ്ടിച്ച ഇലക്ട്രിക് വാഹന കമ്പനിയാണ് ഇലോണ്‍ മസ്‌കിന്റെ ടെസ്ല. ഏറെ നാളായി വാഹനപ്രേമികള്‍ കേള്‍ക്കാനാഗ്രഹിച്ച ഒന്നാണ് ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ്. ഇപ്പോഴിതാ മസ്‌ക് ഇന്ത്യയില്‍ ഒരു ഫാക്ടറി നിര്‍മ്മിക്കാന്‍ നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ട്.

ടെസ്ല ഇന്ത്യയിലേക്കെത്തിയാല്‍ രാജ്യത്തെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കായി മാറും. അടുത്തിടെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ല മേധാവി ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്തവര്‍ഷം വീണ്ടും ഇന്ത്യ സന്ദര്‍ശിക്കുന്ന കാര്യം തന്റെ പരിഗണനയിലുണ്ടെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചിരുന്നു.

ഇന്‍ഡോ-പസഫിക് മേഖലയിലെ രാജ്യങ്ങളിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്യുന്നതിനായി ഇന്ത്യയെ ഒരു നിര്‍മ്മാണ കേന്ദ്രമായി ഉപയോഗിക്കുന്നതിനുള്ള സാധ്യതയും ടെസ്ല പര്യവേക്ഷണം ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വാഹനങ്ങളുടെ ഇറക്കുമതി നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതോടെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനുള്ള പദ്ധതിയില്‍ ടെസ്ലയ്ക്ക് തിരിച്ചടി നേരിട്ടിരുന്നു. നിലവില്‍ രാജ്യം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 100 ശതമാനം വരെ ഇറക്കുമതി നികുതി ചുമത്തുന്നത്.

ഇന്ത്യയില്‍ തന്നെ ടെസ്ല വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്ത്യ വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വിപണിയിലെ ഡിമാന്‍ഡ് വിലയിരുത്തുന്നതിനായി തങ്ങളുടെ കാറുകള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനാണ് കമ്പനി ആദ്യം ലക്ഷ്യമിട്ടത്.

തങ്ങളുടെ കാറുകള്‍ക്കും ബാറ്ററി നിര്‍മ്മാണത്തിനും സര്‍ക്കാര്‍ നല്‍കുന്ന സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാന്‍ ടെസ്ല ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി മെയ് മാസത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ടെസ്ല ഇന്ത്യയില്‍ എത്തുമെന്നും ഈ കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മസ്‌ക് പറഞ്ഞിരുന്നു. വേറെ ഏത് വലിയ രാജ്യങ്ങളെക്കാളും സാധ്യതകള്‍ മുന്നിലുള്ള രാജ്യമാണ് ഇന്ത്യയെന്ന് മസ്‌ക് അഭിപ്രായപ്പെടുകയും ചെയ്തു.