Entertainment

വേദനകള്‍ കടന്ന് അരുണ്‍ ഒടുവില്‍ തന്റെ പ്രിയ താരത്തെ കണ്ടു; ടോവിനോയുടെ ശില്‍പ്പം സമ്മാനിച്ചു

ശരീരം മുഴുവൻ വേദനയാണ് അരുണിന്, ആൾകൂട്ടത്തിൽ പോയി സിനിമ കാണുവാനോ, സ്‌കൂളിൽ പോവാനോ കക്കോടിയിലെ മൊരിക്കരയിലുള്ള അരുണിനാവില്ല. നാല്‍പ്പത് ശതമാനം ഭിന്നശേഷിക്കാരനായ അരുണിന് ഒന്ന് നഖം വെട്ടാൻപോലും വളരെ ബുദ്ധിമുട്ടാണ്. ഹൈപ്പർ മൊബിലിറ്റി സിൻഡ്രാം എന്ന രോഗം ബാധിച്ചതിനാല്‍ ശരീരം മുഴുവൻ വേദനയാണ്.

ഈ വേദനകൾക്കിടയിലും അരുൺ ചിത്രങ്ങൾ വരക്കും, ശില്പങ്ങൾ നിർമിക്കും. ഏക ആശ്വാസമാകുമായിരുന്ന സ്‌കോളർഷിപ്പ് തുക കക്കോടി പഞ്ചായത്തില്‍ നിന്നും അരുണിന് ഇത് വരെ ലഭ്യമായുമില്ല. ടോവിനോ തോമസിന്റെ കടുത്ത ആരാധകൻ കൂടിയായ അരുണിന്റെ ആഗ്രഹമായിരുന്നു ടോവിനോയുടെ ശിൽപം നേരിട്ട് സമ്മാനിക്കണമെന്നത്. ഇന്ന് കോഴിക്കോട് വെച്ച് അതിനുള്ള ഭാഗ്യമുണ്ടായി. കടുത്ത വേദനകൾക്കിടയിലും പൊരുതി മുന്നേറുന്ന അരുണിന് എല്ലാ ആശംസകളും നല്‍കിയാണ് ടോവിനോ തോമസ് യാത്രയാക്കിയത്. ടോവിനോയെ കണ്ടതില്‍ അരുണും അതീവ സന്തോഷത്തിലാണ്. സാമൂഹ്യ പ്രവർത്തകൻ നൗഷാദ് തെക്കയിൽ. റിയാസ് കുന്ദമംഗലം, ഗിരീശൻ പി എന്നിവരും അരുണിനൊപ്പം താരത്തെ കാണാനെത്തിയിരുന്നു.