India Kerala

മകര വിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ ഗതാഗത നിയന്ത്രണം

മകര വിളക്കിനോടനുബന്ധിച്ച് ശബരിമലയിലേക്ക് പൊലീസ് ഗതാഗത നിയന്ത്രണമേർപ്പെടുത്തി . 13 ന് വൈകിട്ട് മുതൽ പത്തനംതിട്ട, കോട്ടയം റൂട്ടുകളിൽ അയപ്പൻമാരുടെ സ്വകാര്യ വാഹനങ്ങൾ നിലയ്ക്കലേക്ക് കടത്തി വിടില്ല. ഇവിടങ്ങളിൽ നിന്ന് തീർഥാടകർക്ക് പമ്പയിലെത്താൻ കെ.എസ്.ആർ.ടി.സിയുടെ ആയിരത്തിലധികം സർവീസുകളും ഏർപ്പെടുത്തി.

മകരവിളക്കിനോടനുബന്ധിച്ച് കൂടുതൽ തീർത്ഥാടകർ എത്തുന്ന സാഹചര്യത്തിലാണ് , ഗതാഗതകുരുക്ക് ഒഴിവാക്കാൻ പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മണ്ഡലകാലത്ത് നിലയ്ക്കൽ ബേസ് ക്യാമ്പിൽ മതിയായ പാർക്കിങ് സൗകര്യമില്ലാത്തതിനാൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് ശബരിമല പാതയിൽ അനുഭവപ്പെട്ടത്. ഇത് മുന്നിൽ കണ്ടാണ് മകരവിളക്ക് ദിനങ്ങളിൽ പൊലീസിന്റെ ഗതാഗത ക്രമീകരണം.

പതിമൂന്നാം തിയതി 4 മണി മുതൽ പത്തനംതിട്ട ഭാഗത്ത് നിന്ന് എത്തുന്ന സ്വകാര്യ വാഹനങ്ങൾ ളാഹ, വടശ്ശേരിക്കര, പെരിനാട്, എന്നിവിടങ്ങളിലും, കോട്ടയം ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾ എരുമേലി, പൊൻകുന്നം, മുണ്ടക്കയം വണ്ടിപ്പെരിയാർ പാർക്കിങ് ഗ്രൗണ്ടുകളിലുമാണ് പാർക്ക് ചെയ്യേണ്ടത്. ഇവിടങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി ചെയിൻ സർവീസുകളിൽ അയപ്പ ഭക്തരെ പമ്പയിലെത്തിക്കും. ഇതിനായി കെ.എസ്.ആർ.ടി.സി ആയിരത്തോളം അധിക സർവീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം മകരവിളക്ക് ദിവസമായ 14 ആം തിയതി ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം പത്തനംതിട്ട, കോട്ടയം ഭാഗങ്ങളിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകളടക്കം ഒരു വാഹനവും നിലയ്ക്കലിലേക്ക് കടത്തി വിടില്ല. മകരവിളക്ക് ദർശനത്തിന് ശേഷം പൊലീസിന്റെ നിർദേശം വരുന്നത് വരെ ഈ നിയന്ത്രണം തുടരും.