സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരും ഹൌസ് സര്ജന്മാരും പണിമുടക്കുന്നു. സ്റ്റൈപ്പന്റ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. പരിഹാരം ഉണ്ടായില്ലെങ്കില്‍ 20-ആം തീയതി മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.
നിലവില്‍ ഹൌസ് സര്ജന്മാര്ക്ക് 20000 രൂപയും പിജി ഡോക്ടര്‍മാര്‍ക്ക് 42000 ത്തോളം രൂപയുമാണ് സ്റ്റൈപ്പന്റ്. ഇത് മുപ്പതിനായിരവും 60000മായി വര്‍ദ്ധിപ്പിക്കണമെന്നതാണ് ആവശ്യം. 3500 ഓളം പേര് പണിമുടക്കില്‍ പങ്കെടുത്തതോടെ സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. അത്യാഹിത വിഭാഗം,ലേബര്‍ റൂം,ഫോറന്‍സിക്ക് വിഭാഗം എന്നിവിടങ്ങളിലുള്ളവരെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സ്റ്റൈപ്പന്റ് വര്‍ദ്ധിപ്പിക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ പലവട്ടം നല്‍കിയെങ്കിലും പറഞ്ഞ് പറ്റിക്കുകയാണെന്ന് പണിമുടക്കുന്നവര്‍ പറയുന്നു. കോട്ടയം,കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ പ്രതിഷേധ പ്രകടനം നടത്തി.തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരും ഹൌസ് സര്ജന്മാരും ഡി.എം.ഇ ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. ചര്‍ച്ചകള്‍ നടത്തി ഉടന്‍ പ്രശ്നം പരിഹരിക്കുമെന്നാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം.