വർഷങ്ങളായി തുടരുന്ന കടൽക്ഷോഭത്തെ തടയിടാൻ അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുണ്ടാകാത്തതിന്റെ കൂടി ഇരകളാണ് ചെല്ലാനം നിവാസികൾ. പ്രളയത്തിൽ കേരളം വിറങ്ങലിച്ച് നിന്നപ്പോൾ രക്ഷകരായി ഇറങ്ങിയവരാണ് ഇവരിൽ പലരും. പക്ഷേ ഇന്ന് മത്സ്യബന്ധന ഉപകരണങ്ങളടക്കം കടലെടുത്ത് ദുരിതകരമാണ് ഇവരുടെ ജീവിതം.
കേരളം പ്രളയത്തിൽ മുങ്ങിത്താണപ്പോൾ ആരും ആവശ്യപ്പെടാതെ വള്ളവുമായി കുതിച്ചെത്തിയ ചെല്ലാനത്തെ 100 കണക്കിന് മത്സ്യതൊഴിലാളികളിൽ ഒരാൾ. മിക്ക വീടുകളുടെയും ഭിത്തിയിലും അലമാരയിലും നിറയെ പ്രളയത്തിൽ താങ്ങായി നിന്നതിന് നൽകിയ പുരസ്കാരങ്ങളാണ്. പക്ഷേ വീടുകൾ ഏത് സമയവും കടലെടുക്കാവുന്ന അവസ്ഥയിലും. മത്സ്യബന്ധന ഉപകരണങ്ങളും വീട്ടുപകരണങ്ങളിൽ ഒലിച്ച് പോയി. കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പലരും വീടുകൾക്ക് കാവലിരിക്കുകയാണ്. കടൽക്ഷോഭം രൂക്ഷമാകുന്ന സമയത്ത് പ്രദേശവാസികളുടെ പ്രതിഷേധം അണക്കാൻ നൽകുന്ന മോഹന വാഗ്ദാനങ്ങൾ മാത്രമാണ് ഇവിടെ ബാക്കിയാകുന്നത്.