സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെ ഒറ്റയാള്‍ പോരാട്ടവും പാഴായതോടെ ആസ്ട്രേലിയക്കെതിരായ സിഡ്നി ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. 34 റണ്‍സിനാണ് പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വി. ആസ്ട്രേലിയ ഉയര്‍ത്തിയ 289 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി 9ന് 254ല്‍ അവസാനിക്കുകയായിരുന്നു.
സ്കോര്‍ ആസ്ട്രേലിയ 288/5(50 ഓവര്‍) ഇന്ത്യ 254/9 (50 ഓവര്‍)
ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുത്ത ആസ്ട്രേലിയ ഷോണ്‍ മാര്‍ഷ്(54), ഹാന്‍ഡ്സ് കോംപ്(73), ഖവാജ(59) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവിലാണ് 5ന് 288 റണ്‍സെടുത്തത്. മറുപടിക്കിറങ്ങിയ ഇന്ത്യയെ കാത്തിരുന്നത് റിച്ചാഡ്സണിന്റേയും ബെഹ്റന്ഡോഫിന്റേയും ഷോക്ക് ട്രീറ്റ്മെന്റായിരുന്നു. 3.5 ഓവറില്‍ 3/4 എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. ധവാന്(0), കോഹ്ലി(3), റായുഡു(0) എന്നിവരാണ് അതിവേഗം പവലിയനിലേക്ക് മടങ്ങിയത്. ധവാനെ ബെഹ്റന്‍ഡോഫ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ കോഹ്ലിയെയും റായുഡുവിനേയും റിച്ചാഡ്സണ് മടക്കി.
ഇതോടെ സമ്മര്‍ദത്തിലായ ഇന്ത്യക്ക് തുണയായത് ധോണിയുടേയും ഓപണര്‍ രോഹിത് ശര്‍മ്മയുടേയും കൂട്ടുകെട്ടാണ്. റണ്‍സ് നേടുന്നതിനേക്കാള്‍ വിക്കറ്റ് കാത്തുകൊണ്ടാണ് ഇരുവരും കളിച്ചത്. അര്‍ധ സെഞ്ചുറി നേടി പുറത്തായ ധോണി(96 പന്തില്‍ 51) ഇതിനിടെ ഏകദിനത്തില്‍ പതിനായിരം റണ്‍ തികക്കുകയും ചെയ്തു. 4 റണ്‍സില്‍ നിന്നും ഇന്ത്യന്‍ സ്കോര്‍ 141ലെത്തിച്ചാണ് ധോണി രോഹിത് സഖ്യം പിരിഞ്ഞത്.
അപ്പോഴും ഒരറ്റത്ത് ഉറച്ചു നിന്ന രോഹിത് ശര്‍മ്മ കൂറ്റനടികളോടെ സ്കോറിംങിന് വേഗം കൂട്ടുകയും ചെയ്തു. ധോണി 96 പന്തുകള്‍ നേരിട്ടാണ് 51 റണ്സെടുത്തതെന്നതും സമ്മര്‍ദ്ദമേറ്റി. പിന്നാലെ വന്ന ദിനേഷ് കാര്‍ത്തിക്കിനോ(12) ജഡേജക്കോ(8) രോഹിത്തിന് പിന്തുണ നല്‍കാനായില്ല. ഒടുവില്‍ 45ആം ഓവറിലെ നാലാം പന്തില്‍ രോഹിത് ശര്‍മ്മ കൂടി മടങ്ങിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. പത്ത് ഫോറും ആറ് സിക്സറും പറത്തിയ മനോഹരമായ സെഞ്ചുറിയായിരുന്നു രോഹിത് നേടിയത്. 129 പന്തുകളില്‍ നിന്നും 133 റണ്‍സെടുത്ത ശേഷമാണ് രോഹിത് ശര്‍മ്മയുടെ ഒറ്റയാള്‍ പോരാട്ടം അവസാനിച്ചത്.
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ഉസ്മാന് ഖ്വാജ (81 പന്തില്‍ 59), ഷോണ്‍ മാര്‍ഷ് (70 പന്തില്‍ 54), പീറ്റര്‍ ഹാന്‍ഡ്സ്കോംബ് (61 പന്തില്‍ 73) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ പിന്‍ബലത്തില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തിരുന്നു. മാര്‍ക്കസ് സ്റ്റോയ്നിസ് 43 പന്തില്‍ രണ്ടു വീതം ബൗണ്ടറിയും സിക്സും സഹിതം 47 റണ്‍സുമായി പുറത്താകാതെ നിന്നു.
41 റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ ഓസീസിനെ അര്‍ധ സെഞ്ചുറി നേടിയ ഉസ്മാന് ഖ്വാജയും (59) ഷോണ്‍ മാര്‍ഷുമാണ് (54) കരകയറ്റിയത്. മൂന്നാം വിക്കറ്റില്‍ ഖ്വാജ മാര്‍ഷ് സഖ്യം 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാലാം വിക്കറ്റില്‍ ഹാന്‍ഡ്സ്കോമ്പിനൊപ്പം മാര്‍ഷ് 53 റണ്‍സിന്റെ കൂട്ടുകെട്ടും ഉണ്ടാക്കി.
65 പന്തില്‍ നാലു ബൗണ്ടറിയോടെയാണ് മാര്‍ഷ് കരിയറിലെ 13ാം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. 70 പന്തില്‍ നാലു ബൗണ്ടറി സഹിതം 54 റണ്‍സെടുത്ത മാര്‍ഷിനെ കുല്‍ദീപ് യാദവ് പുറത്താക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. അവസാന മൂന്ന് ഓവറില്‍ നാല്‍പ്പത് റണ്‍സാണ് ആസ്ട്രേലിയ അടിച്ചെടുത്തത്. ഈ റണ്‍സുകളാണ് മത്സരത്തില്‍ നിര്‍ണ്ണായകമായതും.
ഇന്ത്യക്കെതിരായ ജയത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആസ്ട്രേലിയ 1000 വിജയങ്ങള്‍ നേടി.