എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ വഡോദരയില്‍ തെരുവിലിറങ്ങിയവരുടെ കൂട്ടത്തില്‍ ഒരു പതിനേഴുകാരനുണ്ടായിരുന്നു. അയാളിപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അവിഭാജ്യ ഘടകമാണ്. ഈ ലോകകപ്പ് എനിക്കും ഇന്ത്യക്കും വേണമെന്ന് പറയുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യക്ക് അന്നത്തെ പതിനേഴുകാരന്റെ അതേ ആവശമാണ്.
ഐ.സി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ‘നോട്ടി ബോയ്’ ലോകകപ്പ് സ്വപ്‌നങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ‘രാജ്യത്തിനുവേണ്ടി കളിക്കുകയെന്നതാണ് എന്നെ സംബന്ധിച്ച് എല്ലാം. ഓരോ കളികളും വെല്ലുവിളികളും എനിക്ക് ആവേശമാണ്. കഴിഞ്ഞ രണ്ട് മൂന്ന് കൊല്ലമായി ലോകകപ്പ് കളിക്കാന്‍ വേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു’ ഹാര്‍ദിക് പാണ്ഡ്യ പറയുന്നു.
ഗുജറാത്തിലെ സൂറത്തിലായിരുന്നു ഹാര്‍ദിക് പാണ്ഡ്യ ജനിച്ചത്. ഹാര്‍ദിക്കിന് അഞ്ച് വയസുള്ളപ്പോള്‍ കുടുംബം വഡോദരയിലേക്ക് താമസം മാറി. ഹാര്‍ദികിനേയും ക്രുണാലിനേയും കിരണ്‍ മോറെ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ക്കാനായി പിതാവ് ഹിമാന്‍ഷു പാണ്ഡ്യയുടേതായിരുന്നു ആ തീരുമാനം. പില്‍കാലത്ത് ഇന്ത്യന്‍ ടീമിലെത്തിക്കൊണ്ട് പാണ്ഡ്യ സഹോദരങ്ങള്‍ പിതാവിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കി.
പതിനെട്ടാം വയസുവരെ ലെഗ് സ്പിന്നറായിരുന്ന ഹാര്‍ദിക് പാണ്ഡ്യ ബറോഡ പരിശീലകന്റെ ഉപദേശത്തിലാണ് പേസ് ബൗളറായി മാറുന്നത്. അതൊരു വഴിത്തിരിവായി. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒറ്റക്ക് കളി ജയിപ്പിക്കാനുള്ള കഴിവാണ് ഹാര്‍ദിക്കിനെ ക്ലബ് തലം മുതല്‍ തന്നെ ടീമുകളുടെ പ്രിയങ്കരനാക്കിയത്. അപ്പോഴും നിയന്ത്രിക്കാനാവാത്ത ദേഷ്യമൊന്നുകൊണ്ട് മാത്രം ഹാര്‍ദിക് പലപ്പോഴും ടീമുകള്‍ക്ക് പുറത്തായി. ദേശീയടീമിലെത്തിയ ശേഷവും ‘പെരുമാറ്റ ദൂഷ്യ’ത്തിന്റെ പേരില്‍ ഹാര്‍ദിക്കിന് ടീമിന്റെ പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴും പകരക്കാരനില്ലാത്ത പ്രതിഭയുടെ ധാരാളിത്തം ആ വാതിലുകളെ താനേ തുറപ്പിക്കുകയായിരുന്നു.