സ്വിറ്റ്സർലാൻഡിലെ കലാസാംസ്കാരിക സംഘടനയായ കേളിയും കേരള സർക്കാരിന്റെ കീഴിലുള്ള മലയാളം മിഷനും ചേർന്ന് നടത്തുന്ന മലയാളം മിഷൻ സ്വിസ് ചാപ്റ്റർ – അക്ഷരകേളി കുട്ടികൾക്കായി രണ്ടാമത് പഠന ക്യാമ്പ് സംഘടിപ്പിച്ചു.
2026 ജനുവരി 14-ാം തീയതി ബൗമയിൽ വച്ച് നടന്ന പരിപാടിയിൽ 30 ഓളം കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു. അക്ഷരകേളി കോഓർഡിനേറ്റർ മധുവാസുദേവൻ കുട്ടികൾക്ക് സ്വാഗതം പറഞ്ഞു. തുടർന്ന് അധ്യാപകർക്ക് മലയാളം മിഷൻ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.
ക്യാമ്പിന്റെ ആദ്യ ഭാഗത്തിൽ അധ്യാപകർ പലതരത്തിലുള്ള പ്രവൃത്തി പരിചയങ്ങളിലൂടെ വാക്കുകളും വാക്യങ്ങളും രൂപീകരിക്കാൻ പ്രേരിപ്പിക്കുകയും, കുട്ടിക്കവിതകൾ പരിചയപ്പെടുത്തുകയും ഒത്തുപാടാൻ അവസരം നൽകുകയും ചെയ്തു. തുടർന്ന് കുട്ടികൾ സ്വയം കഥകളും, കവിതകളും, കുസൃതി ചോദ്യങ്ങളും, ലഘുനാടകങ്ങളും അവതരിപ്പിച്ചു. അക്ഷരങ്ങളും വാക്കുകളും പരിചയപ്പെടുത്തുന്ന തരത്തിലുള്ള കളികളും പ്രശ്നോത്തരികളും ക്യാമ്പിന്റെ ഭാഗമായിരുന്നു.
അദ്ധ്യാപികാദ്ധ്യാപകരായ മഞ്ജു കാച്ചപ്പള്ളി, ജെനി മുണ്ടിയാനി, ടോമി വിരുത്തിയേൽ, ബെന്നി പുളിക്കൽ, ജിജിൻ രാജഗോപാലൻ, മിനു മധു, ലക്ഷ്മി ജയൻ നായർ, ദീപ്തി തച്ചേട്ട് എന്നിവരും, കേളി സെക്രട്ടറി ജയപ്രസാദ്, വൈസ് പ്രസിഡണ്ട് സേതുനാഥ് ഒതയോത്ത്, ജോയിന്റ് സെക്രട്ടറി അഭിലാഷ് തെക്കോട്ടിൽ, പ്രോഗ്രാം ഓർഗനൈസർ അനീഷ് മുണ്ടിയാനി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
കേളി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ബിബു ചേലക്കലിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് രാത്രിഭക്ഷണം തയ്യാറാക്കി. രാത്രിഭക്ഷണത്തോടെ കേളിയുടെ മലയാള ഭാഷാ പഠനകേന്ദ്രമായ അക്ഷരകേളിയുടെ ഈ വർഷത്തെ ക്യാമ്പ് പിരിഞ്ഞു.







