India Kerala

എറണാകുളം ജില്ലയുടെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം

എറണാകുളം ജില്ലയുടെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമായി തുടരുന്നു. വീടുകളിൽ വെള്ളവും മണ്ണും കയറിയതോടെ ചെല്ലാനം മേഖലയിൽ നിരവധി ആളുകൾ വീടൊഴിഞ്ഞു പോയി. പ്രദേശവാസികളോടുള്ള അവഗണനക്കെതിരെ സമരം ശക്തമാക്കാനാണ് ചെല്ലാനം നിവാസികളുടെ തീരുമാനം.

പശ്ചിമകൊച്ചി ഭാഗത്ത് കമ്പനിപ്പടി മുതൽ തെക്കേ ചെല്ലാനം വരെയുള്ള ഭാഗങ്ങളാണ് രൂക്ഷമായ കടലാക്രമണത്തിന് ഇരയാകുന്നത്. സംരക്ഷണ ഭിത്തികളും മതിലുകളും തകർന്ന് വീടുകളിലേക്ക് ഉപ്പ് വെള്ളം ഇരച്ച് കയറുകയാണ്. വീടുകളുടെ അടിത്തറയടക്കം തകർന്നിട്ടുണ്ട്. വീട്ടുപകരണങ്ങൾ ഒലിച്ച് പോയി.

ജിയോ ബാഗുകളിൽ മണൽ നിറച്ച് തീരം സംരക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്തെ കടലാക്രമണം തടയാൻ ശാശ്വത പരിഹാരം എന്ന നിലയിൽ പണി ആരംഭിച്ച ജിയോട്യൂബ് നിർമാണം പാതി വഴിയിൽ ഉപേക്ഷിച്ചത് കടലാക്രമണത്തിന്റെ തീവ്രത വർധിക്കാൻ കാരണമായിട്ടുണ്ട്. സർക്കാരും ഉദ്യോഗസ്ഥരും തീരദേശവാസികളെ വഞ്ചിച്ചുവെന്നാണ് നാട്ടുകാരുടെ പരാതി. ലോങ് മാർച്ചും ഹൈവേ ഉപരോധവുമടക്കമുള്ള സമരപരിപാടികളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.