സ്വിസ്സ് സമൂഹത്തിനു വീണ്ടും തീരാ ദുഃഖമേകി സൂറീച്ചിൽ താമസിക്കുന്ന ജോൺസൺ (ബിജു ) ,ജെസ്സി ദമ്പതികളുടെ പ്രിയ പുത്രി അനീന പാറത്തലക്കൽ (26 ) ഇന്നലെ (11.12.25) വ്യഴാഴ്ച സൂറിച്ചിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ നമ്മളിൽ നിന്നും വേർപിരിഞ്ഞു .
പുഞ്ചിരിക്കുന്ന മുഖത്തോടെ വളരെ സൗമ്യതയോടെ എപ്പോഴും സംസാരിക്കുന്ന അനീനയുടെ പെട്ടെന്നുള്ള വേർപാട് സ്വിസ്സ് സമൂഹം ഞെട്ടലോടെയാണ് ഇന്നലെ വൈകുന്നേരം ശ്രവിച്ചത്.സ്വിറ്റസർലണ്ടിലെ ഒട്ടു മിക്ക സംഘടനകളുടെയും പൊതുപരിപാടികളിൽ അനീന നിറസാന്നിധ്യമായിരുന്നു ..
വ്യഴാഴ്ച വൈകുന്നേരം ഉസ്റ്ററിൽ നിന്ന് വെറ്റ്സിക്കോണിലേക്ക് ആത്താൽ സ്ട്രാസെയിലൂടെ തൻറെ ജോലിക്കുശേഷം വെറ്റസീക്കോണിലെ വീട്ടിലേക്കു മടങ്ങുമ്പോളാണ് അപകടം സംഭവിച്ചത് . അനീന ഓടിച്ചിരുന്ന കാർ എതിരെ വന്ന ലെയിനിലേക്ക് മറിഞ്ഞ് എതിരെ വന്ന ഒരു ട്രക്കുമായി നേർക്കുനേർ ഇടിക്കുകയാണുണ്ടായത് .
എമർജൻസി ഫിസിഷ്യനിൽ നിന്ന് പ്രാഥമിക ചികിത്സ ലഭിച്ച ശേഷം, ഹെലികോപ്റ്ററിൽ സൂറിച് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ഗുരുതരമായി പരിക്കേറ്റ അനീന കുറച്ചു സമയത്തിനുശേഷം സ്വിസ്സ് മലയാളീ സമൂഹത്തിനു മനസ്സിൽ കനലുകൾ കോരിയിട്ട് വിടപറയുകയാണുണ്ടായത് .
വിവരങ്ങൾ അറിഞ്ഞ ബിജുവിന്റെ കുടുംബസുഹൃത്തുക്കളും ,ഒരുപാടു സുഹൃത്ത് ബന്ധങ്ങൾക്കുടമയായ അനീനയുടെ ഒരുപാടു കൂട്ടുകാരും യൂണി ഹോസ്പിറ്റലിലേക്ക് വൈകുന്നേരം തന്നെ എത്തുകയുണ്ടായി …ഫാദർ വർഗീസ് നടക്കലിന്റെ കാർമികത്വത്തിൽ യൂണി ചാപ്പലിൽ പ്രാർത്ഥനകൾ നടന്നു .
അനീനയുടെ പിതാവ് ജോൺസൺ പാറത്തലക്കൽ തൊടുപുഴ ,മുതലക്കോടം സ്വദേശിയാണ് ..അനീനക്ക് ഒരു സഹോദരിയാണ് അനീഷ …
സ്വിറ്റസർലണ്ടിലെ സാമൂഹിക ,സാംസ്‌കാരിക ,സാമുദായിക കൂട്ടായ്മകൾ അനീനാ മോളുടെ വേർപാടിൽ മാതാപിതാക്കൾക്കും സഹോദരിക്കും അനുശോചനം അറിയിക്കുകയും അവരുടെയും കുടുംബാംഗങ്ങളുടെയും ആശ്വാസത്തിനായും അനീനാമോളുടെ നിത്യശാന്തിക്കായും പ്രത്യേകം പ്രാർത്ഥിക്കുകയും ,ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്‌തു
അനീന മോളുടെ ഓർമ്മക്കായി ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് വെറ്റസീകോണിൽ കുർബാന ഉണ്ടായിരിക്കുന്നതാണ് – വിലാസം –
Messikommerstrasse 14, 8620 Wetzikon
വരും ദിവസങ്ങളിലും ആദരസൂചകമായി കുർബാനകൾ ഉണ്ടായിരിക്കുന്നതാണ്
പൊതുദർശനവും മറ്റുകർമ്മങ്ങളും തുടർന്ന് അറിയിക്കുന്നതാണ്







