സ്വിസ്സ് മലയാളി സമൂഹത്തിൽ പ്രത്യേകിച്ച് ബാസലിൽ ദിർഘകാലം പ്രവർത്തന നിരതനായിരുന്ന, ബന്ധുക്കളും മിത്രങ്ങളും സ്നേഹപൂർവ്വം തോമാച്ചായൻ എന്ന് വിളിച്ചിരുന്ന തോമസ് മണ്ണഞ്ചേരിക്ക് വെള്ളിയാഴ്ച യാത്രാമൊഴി.
ശ്രീ തോമസ് മണ്ണഞ്ചേരി ,അദ്ദേഹത്തിന്റെ വേർപാട് എല്ലാവർക്കും വേദനാജനകമാണ്. ചികിത്സയുമായി കഴിഞ്ഞിരുന്ന അവസാന മാസങ്ങളിലും ശക്തമായ മനഃശക്തിയോടെ എന്തും നേരിടാൻ തോമാച്ചായൻ തയ്യാറായിരുന്നു. സ്വിറ്റ്സർലന്റിലെ സാമൂഹ്യ ജീവിതത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങുന്നത് .
ബാസലിലെ രണ്ടാം തലമുറയിലെ കുട്ടികൾ കുടുതലും ജനിച്ചത് 90 കളുടെ ആരംഭത്തിലാണ്.അവർക്ക് കലാപരമായൊരു വേദി ആവശ്യമെന്നു കണ്ട ഒരുപറ്റം മാതാപിതാക്കൾ ചേർന്ന് ഇന്ത്യൻ യൂത്ത് ഓർഗനൈസേഷൻ എന്ന പേരിൽ കുട്ടികൾക്കായി സംഘടനാ തുടങ്ങി. കൊച്ചുകുട്ടികൾക്ക് എല്ലാ പിന്തുണയും നൽകി ശക്തമായൊരു കോർഡിനേഷൻ കമ്മിറ്റി രക്ഷകർത്താക്കളുടേതായി ഉണ്ടായിരുന്നു. രണ്ടു പതിറ്റാണ്ടുകാലം മുന്നോട്ട് പോയ സംഘടന കുട്ടികൾ യുവത്വത്തിലേക്ക് പ്രവേശിച്ചപ്പോൾ 2017 ൽ പ്രവർത്തനം അവസാനിപ്പിച്ചു . രണ്ടു പതിറ്റാണ്ടു കാലം ഈ കോർഡിനേഷൻ കമ്മിറ്റിയിലെ ശക്തമായ സാന്നിധ്യമായിരുന്നു തോമാച്ചായൻ.

അദ്ദേഹത്തിന്റെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ കണ്ടു ബോധ്യപ്പെട്ടവരാണ് കൂടെ ഉണ്ടായിരുന്ന കമ്മിറ്റിക്കാർ. പ്രായം മുന്നോട്ട് പോയപ്പോഴും ഒരു ചെറുപ്പക്കാരനെപ്പോലെ യുവജനങ്ങൾ നടത്തിയ ഫുട്‍ബോൾ മത്സരങ്ങളിലും ക്രിസ്മസ് ആഘോഷങ്ങളിലും തോമാച്ചായന്റെ സാന്നിധ്യം എടുത്തു പറയേണ്ടതാണ്. എപ്പോഴും ചിരിച്ച മുഖത്തോടെ ശാന്തമായി എല്ലാവരോടും അദ്ദേഹം പെരുമാറുകയും ഇടപെടുകയും ചെയ്തിരുന്നു.
വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് ആരംഭിച്ചപ്പോൾ വളരെ താൽപ്പര്യത്തോടെ അദ്ദേഹം അംഗമാവുകയും വൈസ്പ്രസിഡന്റ് പദവി മുതൽ വിവിധ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചതും അനുസ്മരിക്കുന്നു. ബാസലിൽ നിന്നും മിക്ക കമ്മിറ്റികളിലും പങ്കെടുക്കാൻ ഞങ്ങൾ ഒരുമിച്ച് സൂറിച്ചിൽ പോകുന്നത് പതിവായിരുന്നു. ഞാൻ WMC പ്രസിഡന്റ് ആയിരുന്ന 2016 -17 കാലഘട്ടത്തിൽ എക്സിക്കുട്ടീവ് മെമ്പർ ആയി അദ്ദേഹം കൂടെ ഉണ്ടായിരുന്നത് നന്ദിയോടെ ഓർമ്മിക്കുന്നു.

ഒരു കാലഘട്ടം മുഴുവൻ കർമ്മ നിരതനായിരുന്ന പ്രിയപ്പെട്ട തോമാച്ചായൻ അന്ത്യ വിശ്രമത്തിലേക്ക് പ്രവേശിച്ചു. വേർപാട് വേദനാജനകമെങ്കിലും നല്ല ഓർമ്മകൾ ബന്ധുക്കൾക്കും മിത്രങ്ങൾക്കും സമ്മാനിച്ചാണ് അദ്ദേഹം മടങ്ങുന്നത്. അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കുമൊപ്പം ഞങ്ങളുടെ കുടുംബവും സ്വിസ്സ് മലയാളീ സമൂഹവും പങ്കുചേരുന്നു.

വേദനയോടെ സ്വിസ് മലയാളീ സമൂഹം അദ്ദേഹത്തിന് ഈ വെള്ളിയാഴ്ച യാത്രാമൊഴിയേകുകയാണ് . Funeral Details :






