സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതികളുടെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ വീണ്ടും സൗദി സഖ്യസേന. 26 പേരുടെ പരിക്കിനിടയാക്കിയ ക്രൂയിസ് മിസൈലിന് പിന്നില്‍ ഇറാനാണെന്ന് സൗദി സഖ്യസേന ആരോപിച്ചു. ഇതിന് പിന്നാലെ അമേരിക്കയും സമാന വാദവുമായി രംഗത്തെത്തി.
ഇന്നലെ പുലര്‍ച്ചെയായിരുന്നു സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം നടന്നത്. യമന്‍ അതിര്‍ത്തിയില്‍ നിന്നും 180 കി.മീ അകലെയുള്ള വിമാനത്താവളത്തിലെ ആഗമന ഹാളില്‍ പതിച്ചത് ക്രൂയിസ് മിസൈലാണ്. ആക്രമണ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തെങ്കിലും, മിസൈല്‍ ഇറാന് നിര്‍മിതമാണെന്ന് സൗദി സഖ്യസേന പറയുന്നു.
മക്കയില്‍ നടന്ന ഇസ്ലാമിക ഉച്ചകോടിയില്‍ ഇറാനെതിരെ സായുധ നടപടി വേണ്ടെന്ന നിലപാടിലായിരുന്നു അറബ് രാജ്യങ്ങള്‍. പുതിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാനെതിരെ സൗദി ഉന്നയിക്കുന്ന സാഹചര്യത്തില്‍ വിഷയം കൂടുതല്‍ വഷളാകും. മേഖലയില്‍ ഹൂതികളും അവരെ പിന്തുണക്കുന്നവരും അസ്ഥിരത സൃഷ്ടിക്കുന്നതിനുള്ള തെളിവാണ് സംഭവമെന്ന് യു.എ.ഇയും യു.എസും പ്രതികരിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 8 പേരില്‍ ഒരിന്ത്യക്കാരിയുമുണ്ട്.