വാരാണസിയിലെ ജനങ്ങളെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വബോധമില്ലാത്തവർ തൻ്റെ മക്കളെ കുടിയന്മാരെന്ന് വിളിക്കുകയാണ്. കോൺഗ്രസിൻ്റെ ‘യുവരാജ്’ വാരണാസിയിലെ ജനങ്ങളെ അവരുടെ മണ്ണിലെത്തി അപമാനിച്ചു. ‘ഇന്ത്യ’ സംഘം യുപിയിലെ യുവാക്കളെ അപമാനിച്ചത് താൻ ഒരിക്കലും മറക്കില്ലെന്നും മോദി.
തൻ്റെ ലോക്സഭാ മണ്ഡലത്തിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രണ്ട് പതിറ്റാണ്ടോളം അവർ മോദിയെ അധിക്ഷേപിച്ചു. യുപിയിലെ യുവാക്കളുടെ മേൽ തങ്ങളുടെ നിരാശ തീർക്കുകയാണ് അവർ ഇപ്പോൾ. രാജ്യ പുരോഗതിക്കും യുപിയുടെ ഉന്നമനത്തിനും വേണ്ടി പരിശ്രമിക്കുന്നവരാണ് യുവാക്കൾ. അങ്ങനെയുള്ളവരെയാണ് അവരുടെ മണ്ണിലെത്തി കോൺഗ്രസിന്റെ യുവരാജാവ് അപമാനിച്ചത്. സ്വബോധമില്ലാത്തവരാണ് തന്റെ കുട്ടികളെ കുടിയന്മാർ എന്ന് വിളിച്ചതെന്നും മോദി പറഞ്ഞു.
ഇന്ത്യ സഖ്യം യുവജനങ്ങളെ ഭയക്കുന്നു. കാശിയുടെയും അയോധ്യയുടെയും പുതിയ രൂപം അവർ ഇഷ്ടപ്പെടുന്നില്ല. ഇതാണ് ഇന്ത്യൻ ബ്ലോക്ക് നേതാക്കളുടെ അസ്വസ്ഥതക്കുള്ള മറ്റൊരു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാരണാസിയിൽ മദ്യം കഴിച്ച് ആളുകൾ റോഡിൽ കിടക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.