വ്യോമസേന വിമാനം എ.എന്‍ 32 വില്‍ യാത്രചെയ്തിരുന്ന മലയാളികളടക്കമുള്ള വ്യോമസേന ഉദ്യോഗസ്ഥര്‍ക്കായി ഉള്ള തെരച്ചില്‍ ഇന്നും തുടരും. വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്താന്‍ ആയെങ്കിലും ഹെലികോപ്റ്റര്‍ സ്ഥലത്ത് ഇറക്കാന്‍ വ്യോമസേനയ്ക്ക് കഴിഞ്ഞിട്ടില്ല. ഇന്ന് വിവിധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തില്‍ തെരച്ചില്‍ ഊര്‍ജിതമാക്കും.
വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലം ചെരിഞ്ഞ ഭൂപ്രകൃതിയായതിനാല്‍ വ്യോമസേനാ ഹെലികോപ്റ്ററുകള്‍ക്ക് ഇവിടെ ഇറങ്ങാന്‍ ആയില്ല. എന്നാല്‍ അനുയോജ്യമായ തൊട്ടടുത്തുള്ള ഒരു സ്ഥലം കണ്ടെത്തി അവിടെ രാവിലെയോടെ സൈനികരെ ഇറക്കും. വ്യോമസേനയുടെ പര്‍വ്വതാരോഹകര്‍ അടങ്ങിയ സംഘം മലയാളികളടക്കമുള്ള വ്യോമസേന ഉദ്യോഗസ്ഥര്‍ക്കുള്ള തിരച്ചില്‍ നടത്തും.
എം.ഐ 17 ഹെലികോപ്ടറുകള്‍ ഉപയോഗിച്ച നടത്തിയ തിരച്ചിലിനൊടുവില്‍ അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് പതിനാറ് കിലോമീറ്റര്‍ അകലെ വച്ച് വിമാനഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.
അപകടം നടന്ന സ്ഥലം നിബിഢ വനമായതും അരുണാചല്‍പ്രദേശിലെ മോശം കാലാവസ്ഥയും തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഐ.എസ്.ആര്.ഒയുടെ സാറ്റ്ലൈറ്റ് സഹായവും നാവികസേനയുടെ ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ ഉള്ള പി8ഐയും തെരച്ചിലില്‍ ഉപയോഗപ്പെടുത്തിയിരുന്നു. കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ സ്വദേശി വിനോദ്, കണ്ണൂര്‍ സ്വദേശി എന്‍.കെ ഷെരിന്‍ എന്നിവര്‍ അടക്കം പതിമൂന്ന് പേര് കാണാതാകുമ്പോള്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.