വയനാട്ടിലെത്തിയത് ജനങ്ങളെ കേൾക്കാനാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. രാഷ്ട്രീയമായി ഉപയോഗിക്കാനോ മുതലെടുക്കാനോ വേണ്ടിയല്ല വയനാട്ടിൽ വന്നത്. നേരത്തെ എത്തേണ്ടതായിരുന്നു, പക്ഷേ പല സാങ്കേതിക പ്രശ്നങ്ങൾ കാരണം സാധിച്ചില്ല. മന്ത്രിയുടെ വരവിനേക്കാൾ ശാശ്വത പരിഹാരം കണ്ടെത്തുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികൾ ഉൾപ്പെടെ എല്ലാവരുടെയും സഹകരണം വേണം. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിൻ്റെയും പോളിൻ്റെയും വീട്ടിൽ പോകും. വാകേരിയിലുള്ള പ്രജീഷിൻ്റെ വീട്ടിൽ നേരത്തെ എത്തേണ്ടതായിരുന്നു. വയനാട്ടിലെ പ്രതിഷേധത്തിൽ കേസെടുത്തതിൽ അപാകതയില്ലെന്നും സ്വാഭാവിക നടപടി മാത്രമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം വന്യജീവി ആക്രമണത്തിൽ, ഉദ്യോഗസ്ഥരുമായുള്ള മന്ത്രിമാരുടെ കൂടിക്കാഴ്ച തുടങ്ങി. കെ രാജൻ, എം.ബി രാജേഷ്, എ.കെ ശശീന്ദ്രൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ബത്തേരി വനംവകുപ്പ് ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച. ഇതിനുശേഷം ബത്തേരി മുനിസിപ്പൽ ഹാളിൽ സർവ്വകക്ഷിയോഗം ചേരും.